Sun. Jan 19th, 2025
മനാമ:

കര്‍ണാടകയില്‍ കോളേജുകളിൽ ഹിജാബിന് വിലക്ക് ഏര്‍പ്പെടുത്തിയ നടപടിയെ അപലിപിച്ച് ബഹ്‌റൈന്‍ പാര്‍ലമെന്റില്‍ പ്രമേയം. ഇത്തരം വിവേചനപരമായ തീരുമാനങ്ങള്‍ അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര സമൂഹം അതിശക്തമായ സമ്മർദ്ദം ഉയര്‍ത്തണമെന്ന് പാര്‍ലമെന്റ് അംഗങ്ങള്‍ ആവശ്യപ്പെട്ടു.

അല്‍ അസല ബ്ലോക്ക് പ്രസിഡന്റും സര്‍വീസെസ് കമ്മിറ്റി ചെയര്‍മാനുമായ അഹമ്മദ് അല്‍ അന്‍സാരി, എംപി അബ്ദുല്‍ റസാഖ് അല്‍ ഹത്തബ് എന്നിവരുടെ നേതൃത്വത്തില്‍ കൊണ്ടുവന്ന അടിയന്തിര പ്രമേയം പാര്‍ലമെന്റ് ഐക്യകണേ്ഠനെ അംഗീകരിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിജെപി ശക്തി കേന്ദ്രമായ സംസ്ഥാനത്താണ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കിയത്. ഓരോ വ്യക്തികള്‍ക്കും ഇഷ്ടമുളള വസ്ത്രം ധരിക്കാനും ഇഷ്ടമുളള മതം സ്വീകരിക്കാനും അവകാശം നല്‍കുന്ന ജനാധിപത്യ രാജ്യമാണ് ഇന്ത്യ.

ഇങ്ങനെയൊരു രാജ്യത്തെ സംസ്ഥാനത്താണ് ചില വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പെണ്‍കുട്ടികള്‍ക്ക് ഹിജാബ് ധരിക്കാന്‍ വിലക്കുള്ളത്. വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കണമെങ്കില്‍ ഹിജാബ് അഴിച്ചുവെക്കേണ്ട സാഹചര്യമാണുളളത്. ഇത് മനുഷ്യവിരുദ്ധവും നീതികരിക്കാനാകാത്തതും പക്ഷപാതപരവുമാണെന്നും അടിയന്തിരമായി അവസാനിപ്പിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

ഭരണകൂടത്തിന്റെ മൗനസമ്മതത്തോടു കൂടിയാണ് ഇത്തരം സംഭവങ്ങളുണ്ടാകുന്നത് എംപിമാര്‍ പറഞ്ഞു.