Mon. Dec 23rd, 2024
അസം:

ഉത്തർ പ്രദേശ്​, ഗുജ്​റാത്ത്​ എന്നിവിടങ്ങളിൽ വ്യാപകമായി നടപ്പാക്കി വിജയിച്ച സ്ഥലനാമങ്ങൾ മാറ്റം അസമിലും നടപ്പാക്കാനൊരുങ്ങി ബിജെപി സർക്കാർ. മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ തന്നെയാണ്​ ഇത്​ സംബന്ധിച്ച വിവരം പുറത്തുവിട്ടത്​.
സംസ്ഥാനത്തെ സ്ഥലപ്പേര് മാറ്റാൻ ജനങ്ങൾക്ക് അവസരം നൽകുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു.

ജനങ്ങൾക്ക് ഇ പോർട്ടൽ വഴി പേരുനിർദേശിക്കാമെന്നും ഉടൻ പോർട്ടൽ സജ്ജമാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. രാജ്യത്തിന്റെസംസ്‌കാരത്തെയും പൈതൃകത്തെയും അടയാളപ്പെടുത്തുന്നതാവണം പുതിയ പേരുകളെന്ന് അദ്ദേഹം വ്യക്തമാക്കി. ഗുവാഹത്തിയിലെ രണ്ടാമത്തെ മെഡിക്കൽ കോളജിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവിലെ ചില സ്ഥലപ്പേരുകൾ ആളുകൾക്ക് താൽപര്യമില്ല. കാമാഖ്യ ക്ഷേത്രം ആക്രമിച്ച ബംഗാൾ സുൽത്താനേറ്റിലെ ഒരു മുസ്ലീം ജനറലിന്റെ പേരിലാണ് ഗുവാഹത്തിയിലെ കലാഫർ അറിയപ്പെടുന്നതെന്നും മുഖ്യമന്ത്രി ഉദാഹരണമായി ചൂണ്ടിക്കാട്ടി.അതിനാൽ ഈ പേര് നീക്കം ചെയ്യണമെന്നും ജനങ്ങളുമായി കൂടിയാലോചിച്ച് അനുയോജ്യമായ പേര് നിർദ്ദേശിക്കാൻ എംഎൽഎയോട് അഭ്യർത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ബിജെപി അധികാരമേറ്റതിന് ശേഷം രാജ്യത്തെ വിവിധ വിമാനത്താവളങ്ങൾ, റെയിൽവെ സ്റ്റേഷനുകൾ, കായിക സമുച്ചയങ്ങൾ തുടങ്ങി നിരവധി ഇടങ്ങളുടെ പേരുകൾ മാറ്റിയിട്ടുണ്ട്. ഇതിന്റെ തുടർച്ചയാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനമായ അസാമിലും നടക്കുന്നത്. സ്ഥലനാമങ്ങൾ മാറ്റുന്നതിൽ യു.പി ആണ്​ മുന്നിൽ.