Sat. Nov 23rd, 2024
തൃശൂർ:

ഓൺലൈൻ വ്യാപാര സൈറ്റുകളുടെ പേരിൽ സമ്മാനമായി ലഭിക്കുന്ന പെൻഡ്രൈവുകൾ വഴി മാരക വൈറസുകൾ കൈമാറ്റം ചെയ്യുന്നതായി പൊലീസിന്റെ മുന്നറിയിപ്പ്. സൗജന്യമായി ലഭിക്കുന്ന ഇത്തരം പെൻഡ്രൈവുകൾ കംപ്യൂട്ടറിൽ ശേഖരിച്ചിട്ടുള്ള മുഴുവൻ ഡേറ്റയും നശിപ്പിക്കും. വിദൂരത്തിരുന്നു കൊണ്ടു സൈബർ കുറ്റവാളികൾക്കു കംപ്യൂട്ടറിനെ നിയന്ത്രിക്കാനും വൈറസുകൾ വഴിയൊരുക്കും.

വ്യക്തിഗത രഹസ്യ വിവരങ്ങളും ഔദ്യോഗിക രേഖകളുമെല്ലാം ഇങ്ങനെ ചോർത്തപ്പെടാനും സാധ്യതയുണ്ടെന്നാണു കേന്ദ്ര സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന്റെ മുന്നറിയിപ്പ്. പഴ്സനൽ കംപ്യൂട്ടറുകളെ ലക്ഷ്യമിട്ടാണ് സൈബർ കുറ്റവാളികൾ വൈറസ് പ്രോഗ്രാമുകൾ കൈമാറ്റം ചെയ്യുന്നത്. ഇ–കൊമേഴ്സ് സൈറ്റുകളിൽ നിന്നു സമ്മാനമെന്ന പേരിൽ തപാൽ വഴിയോ കുറിയർ സർവീസ് വഴിയോ പെൻഡ്രൈവ് വീടുകളിലെത്താം.

ഇതു കംപ്യൂട്ടറിൽ ഘടിപ്പിക്കുന്നതോടെ അപകടകാരികളായ പ്രോഗ്രാമുകൾ കംപ്യൂട്ടറിലെത്തും. ഏതെങ്കിലും സ്ഥാപനത്തിന്റെ നെറ്റ്‍വർക്കുമായി കംപ്യൂട്ടറിനെ ബന്ധ‍ിപ്പിച്ചിട്ടുണ്ടെങ്കിൽ നെറ്റ്‍വർക്കിനെയാകെ അതു കീഴ്പ്പെടുത്തും. കൂടുതൽ അളവിൽ വൈദ്യുതി പ്രവഹിപ്പിച്ച്, കംപ്യൂട്ടറുകളെ നശിപ്പിച്ചു കളയാൻ പോലും ഇവയ്ക്കു കഴിയും.

അറിയപ്പെടാത്ത സ്ഥലങ്ങളിൽ നിന്നോ അപരിചിതരിൽ നിന്നോ ലഭിക്കുന്ന പെൻഡ്രൈവ് കംപ്യൂട്ടറിൽ ഘടിപ്പിക്കരുതെന്നാണു സിറ്റി പൊലീസിന്റെ മുന്നറിയിപ്പ്. മറ്റുള്ളവരുടെ യുഎസ്ബി ഡ്രൈവുകൾ സ്വന്തം കംപ്യൂട്ടറിൽ ഘടിപ്പിക്കുമ്പോൾ സ്വമേധയാ പ്രവർത്തിക്കുന്ന പ്രോഗ്രാമുകൾ ഡിസേബിൾ ചെയ്യുക. കംപ്യൂട്ടറിലെ സോഫ്റ്റ്‍വെയറുകൾ കൃത്യമായ ഇടവേളകളിൽ അപ്‍ഡേറ്റ് ചെയ്യുക. ഉചിതമായ ആന്റിവൈറസ് സോഫ്റ്റ്‍വെയറുകൾ ഉപയോഗിക്കുക.