Sat. Apr 27th, 2024

കോഴിക്കോട്: വെള്ളമാണെന്നു കരുതി രാസലായനി കുടിച്ച വിദ്യാർത്ഥി അവശനിലയിൽ ചികിത്സയിൽ. രണ്ടു ദിവസം മുൻപ് കോഴിക്കോട്ടേക്ക് വിനോദയാത്രയ്ക്ക് വന്ന കുട്ടി കോഴിക്കോട് ബീച്ചിലെ തട്ടുകടയിൽ നിന്നാണ് രാസലായനി കുടിക്കുന്നത്. കുട്ടി കുടിച്ച അസിഡിക് സ്വഭാവമുള്ള രാസലായിനി ഏതാണെന്ന് വ്യക്തമായിട്ടില്ല.

മദ്രസയിൽ നിന്നുള്ള പഠനയാത്രയുടെ ഭാഗമായി കാസർകോട്ട് നിന്നും കോഴിക്കോടേക്ക് വിനോദയാത്രയ്ക്ക് വന്നതായിരുന്നു കുട്ടി അടങ്ങുന്ന സംഘം. ബീച്ചിലെ തട്ടുകടയിൽ നിന്നും എരിവുള്ള ഭക്ഷണം കഴിച്ചപ്പോൾ വല്ലാതെ എരിഞ്ഞെന്നും, അവിടെയുണ്ടായിരുന്ന കുപ്പിയിൽ വെള്ളമാണെന്ന്  കരുതി കുട്ടി എടുത്തു കുടിച്ചെന്നുമാണ് പ്രാഥമിക വിവരം. 

കുപ്പിയിലെ പാനീയം കൊണ്ട് ചുണ്ട് നനച്ച ശേഷം അൽപ്പം വായിലേക്ക് ഒഴിച്ചപ്പോൾ തന്നെ കുട്ടിക്ക് അസ്വസ്ഥത തോന്നുകയും, ഛർദ്ദിക്കുകയുമായിരുന്നു. ഛർദ്ദിൽ വീണ കുട്ടിയുടെ സുഹൃത്തിന്റെ ദേഹത്തും പൊള്ളലേറ്റിട്ടുണ്ട്.  കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ച് കുട്ടികൾക്ക് പ്രാഥമിക ചികിത്സ നൽകിയ ശേഷം പയ്യന്നൂരിലേക്ക് കൊണ്ടുപോയി. ഇപ്പോൾ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി. 

ബീച്ചിലെ തട്ടുകടക്കാർ ഉപ്പിലിട്ടത് വേഗം പാകമാകാന്‍ ചില രാസവസ്തുക്കൾ അതിൽ ചേർക്കുന്നതായി വ്യാപക പരാതിയുണ്ട്. ഇത്തരത്തിലേതെങ്കിലും ദ്രാവകമായിരിക്കാം കുട്ടി കുടിച്ചതെന്നാണ് അനുമാനം. കുട്ടിയുടെ തൊണ്ടയിലും അന്നനാളിയിലും പൊള്ളലേറ്റിട്ടുണ്ട്. എൻഡോസ്കോപ്പി ചെയ്താൽ മാത്രമേ എന്തെങ്കിലും വ്യക്തമായി പറയാൻ പറ്റൂവെന്നുമാണ് ഡോക്ടർമാർ പറയുന്നത്.