Mon. Dec 23rd, 2024

ലഖ്‌നൗ: ബി.ജെ.പിക്ക് വോട്ടുചെയ്താല്‍ ഉത്തര്‍പ്രദേശിന് ലഭിക്കാന്‍ പോവുന്നത് രണ്ടാം കിം ജോങ് ഉന്നിനെയാണെന്ന് കര്‍ഷക നേതാവ് രാകേഷ് ടികായത്. ജനങ്ങളെ മനസിലാക്കുകയും അവര്‍ക്കൊപ്പം നില്‍ക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിയേയും പ്രധാനമന്ത്രിയേയുമാണോ വേണ്ടത്, അതോ രണ്ടാം കിം ജോങ് ഉന്നിനെയാണോ വേണ്ടതെന്ന് ജനങ്ങള്‍ തീരുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

ഇന്ത്യയിലെ ഒരു സംസ്ഥാനവും ഏകാധിപതികള്‍ ഭരിക്കണമെന്ന് നമ്മളാരും ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് തന്നെ ജനങ്ങള്‍ അവരുടെ സമ്മതിദാനാവകാശം വിവേകപൂര്‍വം വിനിയോഗിക്കണമെന്നും രാകേഷ് ടികായത് അപേക്ഷിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും, മുഖ്യമന്ത്രി ആദിത്യനാഥിനും എതിരെ രൂക്ഷവിമര്‍ശനങ്ങളാണ് അദ്ദേഹം ഉയര്‍ത്തിയത്. 

മുസാഫര്‍ നഗറില്‍ കഴിഞ്ഞ ആഴ്ച നടന്ന യോഗത്തിലും  ടികായത് ഇരുവര്‍ക്കുമെതിരെ ആഞ്ഞടിച്ചിരുന്നു. ഹിന്ദു-മുസ്‌ലിം-ജിന്ന-മതം എന്നിങ്ങനെ മാത്രം പറഞ്ഞുകൊണ്ടിരിക്കുന്നവര്‍ക്ക് വോട്ട് നഷ്ടപ്പെടുമെന്നും മുസാഫര്‍ നഗര്‍ ഹിന്ദു-മുസ്‌ലിം മാര്‍ച്ചിനുള്ള വേദിയല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ‘വികസനം, വൈദ്യുതി, വെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളില്‍ കര്‍ഷകര്‍ക്ക് ആശങ്കയുണ്ട്.  പാകിസ്ഥാനെയും ജിന്നയെയും കുറിച്ച് മാത്രം പറയുന്നവരെയല്ല, സാധാരണക്കാരുടെ പ്രശ്‌നങ്ങളെ കുറിച്ച് സംസാരിക്കുന്നവരെയായിരിക്കും ജനങ്ങള്‍ അംഗീകരിക്കുക’ അദ്ദേഹം പറഞ്ഞു.