Thu. Dec 19th, 2024

(വിചാരണത്തടവുകാരനായി തീഹാർ ജയിലിൽ 15 മാസങ്ങൾ ചെലവഴിച്ചതിന് ശേഷം ഉമർ ഖാലിദ് എഴുതി, ഔട്ട്ലുക്ക് മാഗസിനിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ സ്വതന്ത്ര വിവർത്തനമാണിത്)

ഴിഞ്ഞ വർഷം സെപ്റ്റംബറിൽ എന്നെ അറസ്റ് ചെയ്തതിനു ശേഷമുള്ള എന്റെ ആദ്യ വിചാരണയ്ക്കായി, ഈ വർഷം ഫെബ്രുവരിയിലെ ഒരു തണുത്ത പ്രഭാതത്തിൽ എന്നെ ഒരു പോലീസ് വാനിൽ കയറ്റി കോടതിയിലേക്ക് കൊണ്ട് പോയി. കർഷക സമരത്തെ കുറിച്ച് വാനിലുള്ളിലെ പോലീസുകാർ സംസാരിക്കുന്നുണ്ടായിരുന്നു. പക്ഷെ കഴിഞ്ഞ നാല് മാസത്തെ കാരാഗൃഹവാസത്തിലൂടെ പുറത്തെ കാഴ്ചകൾ എനിക്കേറെ ആകര്ഷണീയമായിരുന്നു. ആളുകൾ ഓഫീസിലേക്ക് പോകുന്നതും, കുട്ടികൾ വിദ്യാലയങ്ങളിലേക്ക് പോകുന്നതും എനിക്ക് കാണാമായിരുന്നു. റോഡിലും, കാറിലും, ബസിലുമെല്ലാം ആളുകളുണ്ടായിരുന്നു. ചില ആളുകൾ അവരുടെ ഫോണുകളിൽ മുഴുകി ഇരിക്കുകയായിരുന്നു. എന്നാൽ മറ്റു ചിലർ പരസ്പരം സംസാരിക്കുകയായിരുന്നു. അവിടെ ആരും ആരെയും ശ്രദ്ധിക്കുന്നില്ല. എവിടെ വേണമെങ്കിലും അവർക്ക് പോകാമായിരുന്നു, ആരോട് വേണമെങ്കിലും സംസാരിക്കാമായിരുന്നു. 

ഭ്രമിപ്പിക്കുന്ന കാഴ്ചയായിരുന്നത് – സ്വാതന്ത്രരായ മനുഷ്യർ. ഞാനും കഴിഞ്ഞ കാലം ഓർത്തുപോയി, എന്നെ തുറിച്ചു നോക്കിയിരുന്നവരും ഇപ്പോൾ സ്വാതന്ത്രരായിരിക്കുന്നു.

ഇക്ബാലിന്റെ വാക്കുകൾ എന്റെ മനസിലേക്ക് വന്നു; 

ഞാൻ കഴിഞ്ഞ കാലം ഓർക്കുന്നു, ആ കടുവകൾ, അവർക്കെല്ലാം വേണം അവർ ഇപ്പോൾ കൂടുകൂട്ടുന്ന സ്വാതന്ത്ര്യങ്ങൾ എവിടെയാണ് നിന്റെ സന്തോഷത്തോടൊപ്പം വരൂ നിന്റെ സന്തോഷത്തോടൊപ്പം പോകൂ

ഞാൻ ഈ ഒരു ദിവസത്തിനായി കാത്തിരിക്കുകയായിരുന്നു. അതുവരെ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കോടതി നടപടികളെല്ലാം ഓൺലൈനായി ജയിലിൽ തന്നെയായിരുന്നു നടന്നിരുന്നത്. പുറംലോകവുമായി ഒരു ബന്ധവുമില്ലാതെ, ഒരേ ചുറ്റുപാടിൽ കുറെ മാസങ്ങൾ ജീവിച്ചപ്പോൾ കുരുക്കിലായ പോലെയായിരുന്നു എനിക്ക് തോന്നിയത്. എനിക്ക് ശരിക്കും ഒരു മാറ്റം ആവശ്യമായിരുന്നു. 

കോടതിയിലേക്കുള്ള യാത്ര ഒന്നര മണിക്കൂറായിരുന്നെന്നാണ് എനിക്ക് തോന്നിയത്. മുപ്പത് മിനുറ്റോളം മാത്രമേ കോടതിയിലെ നടപടികൾ ഉണ്ടായിരുന്നുളളൂ. അത് കഴിഞ്ഞാൽ, ജയിലിലേക്ക് പോകുന്നതിനു വേണ്ടി എന്നെ വാനിൽ കയറ്റും. അന്യമായൊരു നഗരത്തിലൂടെ ബസ് യാത്ര നടത്തുന്ന ഒരു വിദേശിയെ പോലെ, കോടതിയിലേക്കും തിരിച്ചുമുള്ള യാത്രയിലുടനീളം, ഞാൻ അത്ഭുതത്തോടെ പുറത്തേക്ക് തുറിച്ചുനോക്കും. 

രണ്ടു മണിയോടെ ഞാൻ തീഹാറിലേക്ക് തിരിച്ചെത്തുകയും, ഒട്ടും വൈകാതെ എന്നെ എന്റെ സെല്ലിൽ പൂട്ടിയിടുകയും ചെയ്തു. കുട്ടിക്കാലത്തെ വിനോദയാത്രകൾ പോലെ, കോടതിയിലേക്കുള്ള യാത്രയും വളരെ വേഗം അവസാനിച്ചതായി തോന്നും. തീഹാറിലെ വലിയ മതിലുകൾക്കുള്ളിലെ വീർപ്പുമുട്ടിക്കുന്നതും വിരസവുമായ ജീവിതത്തിലേക്ക് തിരിച്ചു വന്ന സമയമായിരുന്നത്. 

സെപ്തംബര് 2020 ൽ ഞാൻ തീഹാറിലേക്ക് തിരിച്ചു വന്നപ്പോൾ എന്നെ ഏറ്റവും അധികം ബാധിച്ചത് ആ ഭയാനകമായ നിശബ്ദതയായിരുന്നു. ഇതിനുള്ളിൽ ഒരിക്കലെങ്കിലും കഴിഞ്ഞിട്ടുള്ള ആരും ആ ഭയാനകമായ നിശബ്ദത എന്തായിരുന്നെന്ന് പറഞ്ഞുതരും. എല്ലാ വശത്തും വലിയ മതിലുകളുള്ള ഒരു പ്രേതാലയത്തിലേക്ക് കടക്കുന്നത് പോലെയാണത്. സ്റ്റേഷനിൽ നിന്നും എന്നെ ജയിലിലേക്ക് കൊണ്ടുവന്ന പോലീസ് കാർ അകത്തേക്ക് കടക്കാൻ തുടങ്ങിയപ്പോൾ പുറംലോകത്തെ ശബ്ദങ്ങൾ പിൻവാങ്ങി ഒരു നിശബ്ദത പരക്കുകയായിരുന്നു. 

ഞങ്ങൾ തീഹാർ കെട്ടിടത്തിനുള്ളിലേക്ക് കടന്നെങ്കിലും എനിക്ക് താമസിക്കേണ്ട ജയിലിലേക്ക് എത്തിയിരുന്നില്ല. ഒൻപത് വ്യത്യസ്തത ജയിലുകളായി തരംതിരിച്ച ദക്ഷിണ ഏഷ്യയിലെ ഏറ്റവും വലിയ ജയിലായ തീഹാറിന് വലിയ വിന്യാസമാണുള്ളത്. തീർത്തും വിജനമായ റോഡിലൂടെ കാർ കടന്നുപോയി, ജയിൽ നമ്പർ രണ്ടിലെത്തി. ഇവിടെ വെച്ചാണ് പോലീസുകാർ ജയിൽ അധികൃതർക്ക് എന്നെ കൈമാറുക. 
ഉമർ ഖാലിദുമായി വോക്ക് ജേർണൽ നടത്തിയ അഭിമുഖം

 

പക്ഷെ അതിനു മുൻപ് കുറച്ച് നടപടികൾ തീർക്കാനുണ്ട്. അതെ ദിവസം ജയിലിലെത്തിയ മറ്റുള്ളവർ നിൽക്കുന്ന വരിക്കു പിറകിലായി, ജനവാതിലിനടുത്ത് എന്റെ ഊഴം എത്തുന്നതും കാത്ത് ഞാൻ നിന്നു. ജനവാതിലിനു പിറകിലായി വിവരങ്ങൾ ശേഖരിക്കുന്നതിനായി ഒരു ക്ലർക്ക് ഇരിക്കുന്നുണ്ടായിരുന്നു. 

“പേര്, പിതാവിന്റെ പേര്? ഏത് കേസിലാണ് അകത്തായിരിക്കുന്നത്?”

എന്റെ പേരും, എന്റെ പിതാവിന്റെ പേരും പറഞ്ഞ ശേഷം അദ്ദേഹത്തിന്റെ അവസാന ചോദ്യത്തിലെത്തി. “യുഎപിഎ” ഞാൻ ഉത്തരം നൽകി. ഇതിനുമുൻപ് അങ്ങനെയൊന്ന് അയാൾ കേട്ടിരുന്നില്ല. അതുകൊണ്ട് എനിക്ക് ചോദ്യം മനസ്സിലായില്ലെന്ന് അയാൾ വിചാരിച്ചു. 

“അതല്ല, ഏത് വകുപ്പാണെന്ന്?”

“യുഎപിഎ” 

“എന്ത്? തെളിച്ചു പറയൂ?”. ഇപ്പോൾ അയാൾ തീർത്തും അക്ഷമനായിരുന്നു. എന്നെ ജയിലിലാക്കാൻ വന്ന ഡൽഹി പോലീസ് കോൺസ്റ്റബിൾ ഈ സമയം പിറകിൽ നിന്നും വിളിച്ചു പറഞ്ഞു.“ഡൽഹി കലാപ കേസിലാണ് സർ.”

മുൻപ് കൃത്യമായി മറുപടി നൽകാത്തതിൽ എന്നെ ക്ഷോഭത്തോടെ നോക്കികൊണ്ട് ക്ലർക്ക് രജിസ്റ്ററുമായി വന്നു. എന്റെ അറസ്റ് രേഖപ്പെടുത്തിയിട്ട് ഇന്നത്തേക്ക് പതിനൊന്നു ദിവസമായി. പക്ഷെ ഈ നിമിഷം വരെ എന്നെയാരും നേരിട്ട് ഇങ്ങനെ പരാമർശിച്ചിരുന്നില്ല. കലാപങ്ങളും വെറുപ്പും വിദ്വേഷങ്ങളും വളർത്തുന്ന രാഷ്ട്രീയത്തിനെതിരെ ഇത്രയും വര്ഷം പ്രസംഗിച്ച ഞാൻ, ഡൽഹി കലാപമെന്ന കുറ്റം ചുമത്തിയ ഒരു സ്ലിപ് കൈയിൽ പിടിച്ചുകൊണ്ടാണ് ഇന്ന് ജയിലിലേക്ക് കടന്നത്. ആരോ എന്റെ ഉള്ളിൽ ശക്തമായി അടിച്ചത് പോലെയാണ് എനിക്ക് തോന്നിയത്. 

എന്നാൽ അത് വൈകാരികയ്ക്കുള്ള നേരമല്ലായിരുന്നു. ജയിലുകളെ കുറിച്ച് ഞാൻ മുൻപ് കേട്ടകാര്യങ്ങൾ ആലോചിച്ച് ഒരു ഭയമായിരുന്നു എന്റെ മനസിലൂടെ പോയത്. എവിടെയായിരിക്കും ജയിലധികാരി എന്നെ താമസിപ്പിക്കുക? ആവശ്യങ്ങൾ നിറവേറ്റിയില്ലെങ്കിൽ ബ്ലേഡ് ഉപയോഗിച്ച് മുറിപ്പെടുത്തുന്നവരെ കുറിച്ച് ഞാൻ കേട്ടിട്ടുണ്ടായിരുന്നു. അവരെന്നെ പിടികൂടി, അവരുടെ ആവശ്യങ്ങൾ അറിയിക്കുമോ? പണമോ, ലൈംഗികതയോ ഏതു വരെയാവും അവരുടെ ആവശ്യങ്ങൾ? എന്റെ അറസ്റ്റിനു മുൻപ് മാധ്യമങ്ങൾ എന്നെ തെറ്റായി ചിത്രീകരിച്ചത് മൂലം ജയിലിലാരെങ്കിലും എന്നെ അപായപ്പെടുത്തുമോ? 

ഭാഗ്യം കൊണ്ട് അങ്ങനെ ഒന്നും സംഭവിച്ചില്ല. പകരം എനിക്കെതിരെ ഒരു ഉപദ്രവവും ഉണ്ടാവാതിരിക്കാൻ ജയിൽ അധികൃതർ പ്രത്യേക നടപടികൾ എടുക്കുകയായിരുന്നു. മാധ്യമങ്ങൾ വാർത്തയാക്കിയ എന്നെ പോലെ ഉള്ളവരായിരുന്നു ജയിലിലെ പ്രമുഖർ. ഇത്തരം തടവുകാർക്ക് എന്തെങ്കിലും ഉപദ്രവം ഉണ്ടായാൽ അത് വാർത്തയാവുകയും, ജയിൽ ഭരണത്തെ മോശമായി ബാധിക്കുകയും ചെയ്യും. 

മറ്റു തടവുപുള്ളികളിൽ നിന്നും അകന്ന് എന്നെ ഒരു പ്രത്യേക സെല്ലിലായിരുന്നു പാർപ്പിച്ചിരുന്നത്. എന്റെ സുരക്ഷയ്ക്ക് മാത്രമായി രണ്ട് ജയിൽ വാർഡന്മാരെയും നിയോഗിച്ചിരുന്നു. ടെലിവിഷനിൽ സംപ്രേക്ഷണം ചെയ്ത ഒരു മന്ത്രവാദ വേട്ടയാണ് എന്റെ അറസ്റ്റിലേക്ക് നയിച്ചതെന്ന് ഞാൻ മനസ്സിലാക്കി. ഇപ്പോൾ എനിക്ക് ജയിലിനുള്ളിൽ ഒരു സംരക്ഷണ കവചമുണ്ട്. 

എന്നാൽ ഇത് എന്നിൽ വേറെ ചില പ്രശ്നങ്ങൾ ഉണ്ടാക്കിയത് പിന്നീടുള്ള ദിവസങ്ങളിലാണ് ഞാൻ മനസിലാക്കിയത്. മറ്റു തടവുകാരെ പോലെ, പുറത്തുള്ള ചെറിയ വരാന്തയിലേക്ക് എന്നെ സെല്ലിൽ നിന്നും പോകാൻ അനുവദിച്ചിരുന്നില്ല. സുരക്ഷയുടെ പേരിൽ അവർ എന്നെ എപ്പോഴും സെല്ലിനകത്താക്കി. മണിക്കൂറുകളോളം അഭ്യർത്ഥിച്ചത് ഒരു ദിവസം പത്തോ പതിനഞ്ചോ മിനുട്ട് പുറത്തെ കാറ്റുകൊള്ളാൻ അനുവദിക്കും.

മൂന്നാഴ്ചയോളം നീണ്ട ഈ തടവ് എന്നെ തീർത്തും അലോസരപ്പെടുത്തുന്നതായിരുന്നു. എന്റെ അടുത്ത കോടതി വിചാരണയ്ക്കിടെ, ഞാൻ ഈ കാര്യം കോടതിയെ ബോധിപ്പിച്ചു. ജയിൽ സൂപ്രണ്ടിനെ വിളിപ്പിച്ച കോടതി, എന്നെ ഇങ്ങനെ കൂട്ടിലടച്ച പോലെ ജയിലിലിടരുതെന്നും നിർദേശിച്ചു. ഇതോടെ രാവിലെ രണ്ട് മണിക്കൂറും, വൈകുന്നേരം ഒരു മണിക്കൂറുമെന്ന കണക്കിൽ, ഒരു ദിവസം മൂന്നു മണിക്കൂർ എനിക്ക് കിട്ടി. മറ്റുള്ളവരെ അപേക്ഷിച്ച് അത് വളരെ കുറവായിരുന്നെങ്കിലും, വേദനാജനകമായ മൂന്നാഴ്ച കാലത്തിനു ശേഷം ലഭിച്ചതിനാൽ അതെനിക്ക് വലിയൊരു ആശ്വാസമായിരുന്നു. കുറച്ചു മാസങ്ങൾക്കു ശേഷം ഒരു മണിക്കൂർ സമയം കൂടെ ഞാൻ അധികാരികളിൽ നിന്നും നേടിയെടുത്തു. കുറച്ചു മാസങ്ങൾക്ക് ശേഷം കുറച്ചു കൂടെ. 

പതിനഞ്ച് മാസമായി, പുസ്തകം, ഇളം ചൂടുള്ള വസ്ത്രം അല്ലെങ്കിൽ ശുദ്ധമായ വായു അങ്ങനെ ഏറ്റവും അടിസ്ഥാന ആവശ്യങ്ങൾക്കു പോലും അവഗണിക്കപ്പെടുന്നതായിരുന്നു ജീവിതം. സുലഭമായി ലഭിക്കുന്ന സമയങ്ങൾ എന്ത് ചെയ്യുന്നു എന്നത് തന്നെ അത്ഭുതമായിരുന്നു. കെനിയൻ എഴുത്തുകാരനായ എൻഗുഗി വാ തിയങ്ങോ തന്റെ ജയിൽ ഓര്മക്കുറിപ്പിൽ പറയുന്നുണ്ട്; അവസാനിക്കാത്ത ചെറുത്ത് നിൽപ്പാണ് ജയിലിനുള്ളിലെ ജീവിതമെന്ന് പുറത്തുള്ള ആളുകൾ ചിന്തിക്കുന്നതാണ് ഏറ്റവും വിപരീതമായ കാര്യം. ജയിൽ ജീവിതം ദിവസേനയുള്ള വിരസതയുടേതാണ്. നിങ്ങൾ എഴുന്നേൽക്കുന്നു, നിങ്ങൾ ഭക്ഷണം കഴിക്കുന്നു, നിങ്ങൾ മലവിസര്‍ജ്ജനം നടത്തുന്നു, നിങ്ങൾ ഉറങ്ങുന്നു. ഒരു ദിവസം കഴിഞ്ഞ്, അടുത്ത ദിവസം കഴിഞ്ഞു, അടുത്ത ദിവസവും. അതിന്റെ കൂടെ ഞാൻ വായന കൂടെ ചേർക്കും. കഴിഞ്ഞ പതിനഞ്ച് മാസക്കാലം എന്റെ രാത്രികളും പകലുകളും കുറച്ചെങ്കിലും മനോഹരമാക്കിയത് അതാണ്. 

പിന്നെ ഇത് എത്രകാലം നീണ്ടു നിൽക്കുമെന്ന് ആർക്കും അറിയില്ല. കുറ്റം ചെയ്തവർക്കാണ്, വിചാരണ നേരിടുന്നവർക്കല്ല ജയിലെന്ന് പറയാറുണ്ട്. പക്ഷെ വിചാരണയ്ക്ക് മുൻപുള്ള പതിനഞ്ച് മാസകാലയളവിലാണ് ഞാൻ ഇവിടെ കഴിഞ്ഞത്. ഇപ്പോഴും എന്റെ വിചാരണ അടുത്ത് തുടങ്ങുമെന്ന് എനിക്ക് തോന്നുന്നില്ല. 

രാഷ്ട്രീയ തടവുകാർ നേരിടുന്ന ഈ വിചിത്രമായ ദുരവസ്ഥയെക്കുറിച്ച് എൻഗുഗി വാ തിയോങ്കോ തന്റെ ഓർമ്മക്കുറിപ്പിൽ പറയുന്നത് തങ്ങൾ സ്വാതന്ത്രരാവാൻ എത്രകാലം കാത്തിരിക്കണമെന്ന് അവർക്ക് അറിയില്ല എന്നതാണ്. ഒരു തരത്തിൽ നോക്കിയാൽ കുറ്റവാളികളേക്കാൾ മോശമായ അവസ്ഥ നമ്മുടേതാണ്. കുറ്റവാളികൾക്ക് എത്രകാലം ഇവിടെ തങ്ങേണ്ടി വരുമെന്നറിയാം. അത് എത്ര വലിയ കാലയളവായാലും, അതിനനുസരിച്ച് അവർക്ക് മാനസികമായി തയ്യാറായിരിക്കാനാവും. മറ്റൊരു തരത്തിൽ നോക്കിയാൽ, മാസങ്ങൾ കഴിഞ്ഞാലോ, അല്ലെങ്കിൽ വർഷങ്ങൾ കഴിഞ്ഞാലോ, അല്ലെങ്കിൽ പത്ത് വര്ഷമെടുത്താലോ നമ്മൾ സ്വാതന്ത്രരാവുമോ എന്ന് നമുക്കറിയില്ല.

പ്രതീക്ഷയുടെയും നിരാശയുടെയും ത്രാസുകളിലേക്ക് ഈ അനിശ്ചിതത്വം തൂങ്ങിയാടും. അത് അഭിമുഖീകരിക്കാൻ തന്നെ പ്രയാസമായിരിക്കും. ഏതെങ്കിലും ഒരു ജഡ്‌ജി തന്റെ പേരിലുള്ള അസംബന്ധമായ വകുപ്പുകൾ കണ്ട് തന്നെ സ്വാതന്ത്രനാക്കുമെന്ന് നമ്മൾ എപ്പോഴും പ്രതീക്ഷിച്ചുകൊണ്ടേയിരിക്കും. അതേ സമയം, ആപൽക്കരമായ അത്തരം പ്രതീക്ഷകളെ വളർത്തുന്നതിൽ നിങ്ങൾക്ക് തന്നെ നിങ്ങൾ താക്കീതും നൽകും. നിങ്ങളുടെ പ്രതീക്ഷകൾ കൂടുന്നതിനനുസരിച്ച് നിങ്ങൾ തകർന്നടിഞ്ഞ് വീഴാൻ പോകുന്ന ഉയരവും കൂടും. 

ടവുകാരുടെ ഇടയ്ക്കിടെയുള്ള സ്ഥലംമാറ്റവും, ഒറ്റപ്പെടലിന്റെ കാലാവധി വർധിപ്പിക്കുന്നതും തുടങ്ങി ജയിലിന്റെ പ്രവർത്തനവും രീതികളും മറ്റുള്ളവരുമായി ഒരു അർത്ഥവത്തായ ബന്ധം സ്ഥാപിക്കുന്നതിൽ നിന്നും നിങ്ങളെ വിലക്കും. അതുകൊണ്ട് തന്നെ ജയിൽ എന്നത് വിശദീകരിക്കാനാവാത്ത ഒറ്റപ്പെടലിന്റെയും വ്യക്തിപരമല്ലാത്ത അനുഭവങ്ങളുടെയും ഇടമാണ്. നിങ്ങൾ ആയിരത്തോളം തടവുകാരുടെ ഇടയിലാണ് നിങ്ങൾ ജീവിക്കുന്നതെങ്കിലും, നിങ്ങൾക്ക് ഏകാന്തത അനുഭവപ്പെടും. കാരണം നിങ്ങൾ നിങ്ങളുടെ പ്രിയപ്പെട്ടവരിൽ നിന്നും അകന്നാണ് കഴിയുന്നത്. ചില പ്രത്യേക അനുഭവങ്ങൾ മറ്റുള്ള തടവുക്കാരിൽ നിന്നും എന്നെ തീർത്തും ഒറ്റപ്പെടുത്തിയിരുന്നു. ഞാൻ പറയുന്നത് മുസ്ലിങ്ങൾക്കെതിരെയുള്ള ആന്തരികമായ മുൻധാരകളും, മതാന്ധതയുമാണ്. മുൻപ് ഞാൻ നേരിട്ടതിനും അധികമായി ജയിലിൽ വെച്ച് മുസ്ലിങ്ങളോടുള്ള വിദ്വേഷവും, മുൻവിധികളും ഞാൻ മുഖാമുഖം നേരിട്ടിട്ടുണ്ട്. 

ഒരിക്കൽ നിരവധി ആളുകളുടെ മുന്നിൽ വെച്ച്, “നോക്കൂ, ഞങ്ങൾ എല്ലാവരും അവിശ്വാസികളാണല്ലേ” എന്നൊരാൾ പരിഭ്രാന്തിയോടെ എന്റെ അടുത്ത് വന്ന് ചോദിച്ചിട്ടുണ്ട്. മറ്റൊരിക്കൽ ഇന്ത്യ-പാകിസ്ഥാൻ ടി-20 ക്രിക്കറ്റ് മത്സരം നടക്കുന്നതിനിടെ “കഴിഞ്ഞ ദിവസം നിങ്ങളുടെ ടീം ഞങ്ങളുടെ ടീമിനെ തോൽപ്പിച്ചു” എന്നൊരാൾ പറഞ്ഞു. ഒന്നിലധികം തവണ എന്റെ അച്ഛന് എത്ര ഭാര്യമാരുണ്ടെന്നും, ഞാൻ എത്രയാണ് ഇനി ഉദ്ദേശിക്കുന്നതെന്നും തുടങ്ങിയ ചോദ്യങ്ങൾ കേട്ടിട്ടുണ്ട്. ഇനി അവർ പറഞ്ഞത് കേട്ട് നിങ്ങൾ അസ്വസ്ഥരായെന്ന് തോന്നിയാൽ, തയ്യാറാക്കി വെച്ചിരിക്കുന്ന ഒരു വാദം പോലെ; “ഹേയ്, നിങ്ങൾക്കിടയിൽ അത് തന്നെയല്ലേ നടക്കുന്നത്. പിന്നെന്താ കുഴപ്പം?” എന്ന് തിരിച്ച് ചോദിക്കും. 

ഒരു വലിയ രാജ്യത്തിൻറെ ഭാഗമായോ, അല്ലെങ്കിൽ ഇതര രാജ്യമായോ, സംഘമായോ ഒക്കെയാണ് മുസ്ലിങ്ങളെ എല്ലാവരും പരിഗണിക്കുന്നുള്ളൂവെന്ന് ഞാൻ മനസിലാക്കി. അവർ ഒരു വ്യക്തിത്വവും ഇല്ലാത്തവരാണ്. അയാളെ കുറിച്ച് ചോദിച്ച ചോദ്യങ്ങളോ, അയാളെ കടന്നു പോയ പരാമര്ശങ്ങളോ ഒന്നും അയാളെ കുറിച്ചല്ലായിരുന്നു, എല്ലാം “നിങ്ങളുടെ ആളുകൾ” എന്നായിരുന്നു. 

“ഇത് നിങ്ങൾക്ക് സംഭവിച്ചതല്ലേ?”

“എന്തുകൊണ്ടാണ് നിങ്ങൾ ഒവൈസിയെക്കുറിച്ച് ഒന്നും പറയാത്തത്?

“നിങ്ങൾ എന്തായിരുന്നു അഫ്ഗാനിസ്ഥാനിൽ ചെയ്തത്?”

പല സമയങ്ങളിലായി ഞാൻ നേരിട്ട ഈ അഭിപ്രായങ്ങളൊന്നും തന്നെ, വിദ്വേഷമുള്ള ആളുകളോ രാഷ്ട്രീയ അജണ്ടയിൽ ദേഷ്യമുള്ള ആളുകളോ മനഃപൂർവം പറഞ്ഞതല്ലായിരുന്നു. പകരം സാധാരണക്കാരായ, “നല്ല” മനുഷ്യരെന്ന് അഭിസംബോധന ചെയ്യാൻ കഴിയുന്ന, നമ്മളുമായി ഭക്ഷണം പങ്കിടുന്ന, എങ്ങനെയാണ് ജയിലിലായതെന്ന കഥകൾ നമ്മളോട് പറയുന്ന, നിയമകാര്യങ്ങളിൽ നമ്മളോട് ഉപദേശം തേടുന്നവർ പറഞ്ഞതായിരുന്നു. ഓരോ ദിവസത്തെയും വാർത്തകളെ കുറിച്ച് പറയുമ്പോഴും, കാര്യങ്ങൾ ഇതിലേക്ക് തന്നെ എത്തും. 

“നിങ്ങൾക്ക് ഖാലിദ് ഭായിയെ ഒഴിവാക്കാനാവില്ല. ഇന്ത്യക്കെതിരായ ക്രിക്കറ്റ് കളിയിൽ മുസ്ലിങ്ങൾ എപ്പോഴും പിന്തുണ നൽകുന്നത് പാകിസ്താനി ടീമിനായിരിക്കും.”

“പാകിസ്താന് പിന്തുണ നൽകുന്ന എത്ര മുസ്ലിങ്ങളെ നിങ്ങൾക്കറിയാം?” ഞാൻ തിരിച്ചു ചോദിക്കും. 

“എന്റെ ജീവിതത്തിൽ ഒരു മുസ്ലിമിനെയും എനിക്കറിയില്ല. പക്ഷെ അവർ പാകിസ്താനാണ് പിന്തുണ നൽകുന്നതെന്ന് എനിക്കറിയാം.” 

അവരുടെ മുൻധാരണകളെല്ലാം അത്രത്തോളം വേരുറച്ചതാണ്. സ്പഷ്ടമായ സത്യങ്ങളാണ് തങ്ങൾ പറയുന്നതെന്നാണ് അവർ വിശ്വസിക്കുന്നത്. ഏത് വാദവും ദുഷ്ക്കരമാക്കുന്ന രീതിയിൽ ധാർമികമായ പാതയിലാണ് ഇത് ആരംഭിക്കുന്നത്. അപ്പോൾ നിങ്ങൾ മെല്ലെ നിശ്ശബ്ദതയിലേക്ക് പിൻവാങ്ങും. എഴുപത് വർഷങ്ങൾക്ക് ശേഷം വിധി ഉപയോഗിച്ച് ശ്രമിക്കാൻ (“tryst with destiny” സ്വാതന്ത്ര്യ പ്രഖ്യാപനത്തിൽ ജവാഹർലാൽ നെഹ്‌റു പറഞ്ഞ പ്രസംഗത്തിലെ വാക്കുകൾ) പറഞ്ഞത് ഇവിടെയായിരുന്നോ? ഇതെല്ലം വിധിയുടെ കുട്ടികളാണോ? 

ഞാൻ മുൻധാരണകളോ, മതഭ്രാന്തോ, ദേഷ്യമോ ഒന്നും ആദ്യമായി കണ്ടെത്തുകയല്ലായിരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ, ഭരണവ്യവസ്ഥയും ഇവരെ താങ്ങുന്ന മാധ്യമങ്ങളും എന്നിലെ മുസ്ലിംമിനെ കുറിച്ചും പുതിയ ഇന്ത്യയിലെ മുസ്ലിങ്ങളുടെ സ്ഥാനത്തെ കുറിച്ചും എന്നെ നിരന്തരം ഓർമപ്പെടുത്തുന്നുണ്ടായിരുന്നു. പക്ഷെ ഇതുവരെ, ദേഷ്യം വന്നിരുന്നത് ദൂരെ നിന്നായിരുന്നു, പ്രധാനമായും ടിവിയിൽ നിന്നും മൊബൈൽ ഫോണിൽ നിന്നുമൊക്കെ. അത് അധികമാണെങ്കിൽ എനിക്ക് ഓഫ് ചെയ്ത വെയ്ക്കാനുള്ള ഒരു ഓപ്ഷൻ എപ്പോഴും ഉണ്ടായിരുന്നു. ഞാൻ ജീവിതത്തിൽ സമയം ചിലവിടുന്ന എന്റെ പ്രിയപ്പെട്ടവരുടെ കൂട്ടങ്ങൾ എന്നെ വിദ്വേഷത്തിൽ നിന്നും സുരക്ഷിതനാക്കിയിരുന്നു. 

ജയിൽ ഈ ദൂരം ഇല്ലാതാക്കി. ഇപ്പോൾ വിദ്വേഷവും മുൻധാരണയും ഞാനുമായി വളരെ അടുത്താണ്. എനിക്ക് അഭയം പ്രാപിക്കാനും വിശ്വസിക്കാനും ഇവിടെ ആരുമില്ല. 

ഏറെ നേരത്തെ എന്റെ നിശ്ശബ്ദതയ്ക്കും, മഹാദുരന്തം വിതയ്ക്കുന്ന ഏകാന്തതയ്ക്കും ശേഷം എന്റെ കയ്‌പ്പേറിയ സാഹചര്യങ്ങളെ ഓർത്ത് നീരസപ്പെടരുതെന്ന് ഞാൻ എന്നോട് തന്നെ പറയാറുണ്ട്. ഞാൻ നേരിടുന്ന കയ്പ്പിനു കീഴടങ്ങുക എന്നത് വളരെ എളുപ്പമായിരുന്നു. വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും ശക്തികളിൽ നിന്ന് നമ്മുടെ രാജ്യത്തെ വീണ്ടെടുക്കാനുള്ള പോരാട്ടത്തിനു മാത്രമല്ല, ഉൽപ്പാദനക്ഷമമായ ഒന്നിനും ഈ കയ്പ്പ് എന്നെ സഹായിക്കില്ലായിരുന്നു. വിശാലമായ വീക്ഷണകോണിലൂടെ നോക്കികാണാൻ ഞാൻ എന്നോട് തന്നെ പറയുമായിരുന്നു. 

പിനോഷെയ്‌ക്കെതിരായ കേസുകളിൽ വര്ഷങ്ങളോളം കോടതിയിൽ പോരാടിയ ചിലിയിലെ മനുഷ്യാവകാശ അഭിഭാഷകന്റെ കഥ ഈയടുത്ത് എന്റെ സുഹൃത്ത് എന്നോട് പറഞ്ഞിരുന്നു. അദ്ദേഹത്തിന് എല്ലാ കേസുകളും നഷ്ടപ്പെട്ടു. ഒടുവിൽ പിനോഷെ വീണപ്പോൾ, അദ്ദേഹം കാണിച്ച ക്രൂരതയ്ക്കും, മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾക്കും പിനോഷെയ്ക്കെതിരെ കുറ്റം ചുമത്താൻ അദ്ദേഹത്തിന്റെ തന്നെ അപേക്ഷകൾ ഉപയോഗിച്ചു. ഒരുപാട് വർഷങ്ങൾക്ക് ശേഷം ഇപ്പോൾ ചിലിയിൽ ഇടതുപക്ഷ പ്രസിഡന്റിനെ തെരഞ്ഞെടുത്തു. അതുകൊണ്ട് ഞാൻ എന്നോട് തന്നെ പറയും, സ്വേച്ഛാധിപത്യം അധികകാലം നിലനിൽക്കില്ല. അയാൾക്ക് സത്യത്തെ തോൽപ്പിക്കാൻ കഴിയില്ല. വെറുപ്പിന് ഒരിക്കലും സ്നേഹത്തിന്മേൽ വിജയിക്കാനാവില്ല. 

തണുത്ത, നക്ഷത്രങ്ങളുള്ള ആ രാത്രിയിൽ, എന്റെ പ്രിയപ്പെട്ടവരേ എനിക്ക് മിസ് ചെയ്യുമ്പോൾ, തടവറയ്ക്കു പിന്നിലിരുന്ന്, ഫൈസ് അഹ്മദ് ഫൈസിയുടെ വാക്കുകളിൽ ഞാൻ ധൈര്യം കണ്ടെത്തും. 

സ്വേച്ഛാധിപത്യത്തിന്റെ വിഷം അവർ കെട്ടിച്ചമച്ചാലും അവർക്ക് വിജയങ്ങളുണ്ടാവില്ല, ഇന്നുമില്ല, നാളെയുമില്ല. അപ്പോൾ പ്രണയിനികൾ കണ്ടുമുട്ടുന്ന മുറിയിൽ അവർ വെട്ടമണച്ചാലോ? അവർ അത്ര ശക്തരാണെങ്കിൽ  ആദ്യം ചന്ദ്രനെ ഇല്ലാതാക്കട്ടെ

(വിദ്യാർത്ഥി നേതാവും, ആക്ടിവിസ്റ്റുമായ വ്യക്തിയാണ് എഴുത്തുകാരനായ ഉമ്മർ ഖാലിദ്)