കോട്ടയം:
കോട്ടയം മെഡിക്കൽ കോളേജിലെ ആദ്യത്തെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. ഗുരുതര കരൾ രോഗം ബാധിച്ച തൃശൂർ സ്വദേശി സുബീഷിനാണ് ശസ്ത്രക്രിയ നടത്തിയത്. ഭാര്യ പ്രവിജ ആണ് ദാതാവ്.
പ്രവിജയുടെ 45 ശതമാനം കരൾ ആണ് സുബീഷിന് തുന്നി ചേർത്തത്. ശസ്ത്രക്രിയ 18 മണിക്കൂർ നീണ്ടു. ഇനിയുള്ള 48 മണിക്കൂർ നിർണായകമാണ്. അണുബാധയാണ് പ്രധാന വെല്ലുവിളി.
ഇരുവരും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. സർക്കാർ മേഖലയിലെ ആദ്യത്തെ ലൈവ് ഡോണർ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയായിരുന്നു ഇത്. സ്വകാര്യ മേഖലയിൽ നിന്ന് പ്രത്യേക പരിശീലനം നേടി വന്ന ഡോ ആര്‍ എസ് സിന്ധുവിന്റെയും ആശുപത്രി സൂപ്രണ്ട് ജയകുമാറിന്റെയും നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്.
സ്വകാര്യ മേഖലയുടെ കൂടി സഹായം സ്വീകരിച്ചു കൊണ്ടാണ് ശസ്ത്രക്രിയ. മരണാനന്തരം കരൾ ദാനം ചെയ്തുള്ള ശസ്ത്രക്രിയ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 2016 ൽ നടന്നിരുന്നെങ്കിലും പരാജയമായിരുന്നു.