Mon. Dec 23rd, 2024

ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന മാര്‍ച്ച് 10 മുതല്‍ ഹോളി ആഘോഷം തുടങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാണ്‍പൂരിലെ പൊതു റാലിയില്‍ പ്രസംഗിക്കുന്നതിനിടയിലാണ് തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ വിജയത്തെക്കുറിച്ച് അദ്ദേഹം ഇത്തരത്തില്‍ പരാമർശിച്ചത്. 

ബി.ജെ.പിയുടെ വരാനിരിക്കുന്ന വന്‍ വിജയമാണ് യുപി തെരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട വോട്ടിംഗ് ശതമാനം വ്യക്തമാക്കുന്നത്. ഇന്ന് വോട്ടെടുപ്പ് നടക്കുന്ന  55 മണ്ഡലങ്ങളിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ ‘പരിവാര്‍വാദി’കളെ വീണ്ടും പരാജയപ്പെടുത്തും. ബി.ജെ.പിയുടെ വിജയത്തില്‍ തെല്ലും സംശയമില്ലെന്നും, വലിയ ആത്മവിശ്വാസത്തിലാണ് യു.പിയിലെ ബി.ജെ.പി നേതൃത്വമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഉത്തര്‍പ്രദേശില്‍ മാര്‍ച്ച് 10ന് തന്നെ നിറങ്ങളുടെ ഉത്സവമായ ഹോളി  ആഘോഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എല്ലാ തവണയും പുതിയ പങ്കാളികളുമായി സമാജ്‌വാദി പാർട്ടി എത്തുമെങ്കിലും തെരഞ്ഞെടുപ്പിന് ശേഷം അവരുമായുള്ള ബന്ധം വിച്ഛേദിക്കും. അതുകൊണ്ട് തന്നെ ഇടക്കിടെ സഖ്യകക്ഷികളെ മാറ്റുന്ന അവര്‍ക്ക് യുപിയിലെ ജനങ്ങളെ എങ്ങനെ സേവിക്കാനാവും? സംസ്ഥാനത്തെ ജനങ്ങളെ കൊള്ളയടിച്ച് അവരെ കലാപകാരികളുടെയും ഗുണ്ടകളുടെയും കൈയിലേക്ക് എറിഞ്ഞുകൊടുത്തവരാണ് മുൻ സർക്കാരുകളെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സമാജ് വാദി പാര്‍ട്ടിയിലെ കുടുംബവാഴ്ചയെ തന്റെ പ്രസംഗത്തിൽ പ്രധാനമന്ത്രി പരിഹസിച്ചു.