Wed. Jan 22nd, 2025
തിരൂര്‍:

ക്ഷേത്രോത്സവം നടക്കുന്നതിനിടെ നാട്ടിലെ മുസ്ലിം കാരണവര്‍ മരിച്ചതിനെ തുടര്‍ന്ന് ഉത്സവം റദ്ദാക്കി ക്ഷേത്രഭാരവാഹികള്‍. തിരൂർ തൃപ്രങ്ങോട് ബീരാഞ്ചിറ പുന്നശേരി ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവത്തിന്റെ ഭാഗമായി നടത്തിയ ആഘോഷങ്ങളാണ് മരണത്തെ തുടര്‍ന്ന് ഒഴിവാക്കിയത്. ക്ഷേത്രത്തിന് സമീപത്ത് താമസിക്കുന്ന ചെറാട്ടില്‍ ഹൈദര്‍ എന്നയാളാണ് മരിച്ചത്.

മരണവിവരം അറിഞ്ഞതോടെ ഉത്സവം ചടങ്ങുകള്‍ മാത്രമാക്കി നടത്താന്‍ കമ്മിറ്റിക്കാര്‍ തീരുമാനിച്ചു. മറ്റ് ആഘോഷങ്ങളെല്ലാം ഒഴിവാക്കി കുടുംബത്തിന്റെ ദുഃഖത്തിനൊപ്പം ക്ഷേത്രത്തിലെത്തിയവരും പങ്കുചേര്‍ന്നു. ആഘോഷത്തിനായി ബാന്‍ഡുമേളവും ശിങ്കാരിമേളവും മറ്റ് കലാരൂപങ്ങളും ഒരു്ക്കിയിരുന്നു. എന്നാല്‍ ഇതെല്ലാം വേണ്ടെന്ന് വെച്ചു.

ഹൈദറിന്റെ മയ്യത്ത് നമസ്‌കാരത്തില്‍ ക്ഷേത്ര കമ്മിറ്റിക്കാരുടെ തീരുമാനത്തെ മഹല്ല് ഭാരവാഹികള്‍ അഭിനന്ദിച്ചു. നാട്ടിലെ കാരണവരും ഏവര്‍ക്കും പ്രിയപ്പെട്ടവനുമായ ഹൈദര്‍ മരിച്ചതിന്റെ ദുഃഖത്തില്‍ പങ്കുചേരാനാണ് ആഘോഷം ഒഴിവാക്കിയതെന്ന് കമ്മിറ്റി ഭാരവാഹികളായ ടി പി വേലായുധന്‍, എം വി വാസു, ടി പി അനില്‍കുമാര്‍, കെ പി സുരേഷ്, ബാബു പുന്നശേരി എന്നിവര്‍ പറഞ്ഞു.