Fri. May 16th, 2025

കൊവിഡ് പശ്ചാത്തലത്തിൽ അടച്ചിട്ടിരുന്ന തിയറ്ററുകളിലേക്ക് സിനിമകൾ വീണ്ടും എത്തിയിരിക്കുകയാണ്. മലയാളത്തിൽ നിന്നും നിരവധി ചിത്രങ്ങളാണ് റിലീസിനൊരുങ്ങുന്നത്. അതിൽ പ്രധാനം മമ്മൂട്ടി നായകനായി എത്തുന്ന ഭീഷ്മപർവ്വമാണ്. മാർച്ച് മൂന്നിന് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും. എന്നാൽ ഇതേദിവസം തന്നെ ദുൽഖർ‍ സൽമാന്റെ ചിത്രവും റിലീസ് ചെയ്യുകയാണ്.

ദുൽഖറിന്റെ കരിയറിലെ 33ാമത്തെ ചിത്രമായ ഹേയ് സിനാമികയാണ് റിലീസിനൊരുങ്ങുന്നത്. തമിഴിനും മലയാളത്തിനും പുറമെ തെലുങ്ക്, കന്നഡ തുടങ്ങി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. അദിതി റാവുവും കാജല്‍ അഗര്‍വാളുമാണ് ചിത്രത്തിലെ നായികമാര്‍. കൊറിയോഗ്രാഫര്‍ ബ്രിന്ദ മാസ്റ്ററാണ് സംവിധാനം.

ഈ ചിത്രവും മാർച്ച് മൂന്നിന് പ്രേക്ഷകർക്ക് മുന്നിലെത്തും. അതേസമയം, ‘ഹേയ് സിനാമിക’യുടെ സെന്‍സറിങ് നടപടികള്‍ പൂര്‍ത്തിയായി. ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.