ചെന്നൈ:
സമുദ്രാതിർത്തി മറികടന്നുവെന്ന് ആരോപിച്ച് 12 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു. രണ്ട് മീൻപിടുത്ത ട്രോളറുകളും പിടിച്ചെടുത്തിട്ടുണ്ട്.
രാമേശ്വരത്തുനിന്ന് ബോട്ടുകളിൽ മീൻ പിടിക്കാൻ പോയ സംഘത്തിൽപ്പെട്ടവരാണ് പിടിയിലായത്. ഫെബ്രുവരി 12ന് അർധരാത്രിയോടെ തലൈമന്നാറിന് വടക്ക് കടലിൽവെച്ചാണ് സംഭവം.
തമിഴ്‌നാടിനെ ശ്രീലങ്കയിൽ നിന്ന് വേർതിരിക്കുന്ന പാക്ക് കടലിടുക്ക് ഇരു രാജ്യങ്ങളിലെയും മത്സ്യത്തൊഴിലാളികളുടെ ഇഷ്ട മത്സ്യബന്ധന കേന്ദ്രമാണ്. ഈ മാസം ഇത് മൂന്നാം തവണയാണ് ശ്രീലങ്കൻ കടലിൽ ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ അറസ്റ്റിലാകുന്നത്.
ഫെബ്രുവരി എട്ടിന് 11 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ നാവികസേന അറസ്റ്റ് ചെയ്യുകയും മൂന്ന് മത്സ്യബന്ധന ബോട്ടുകൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഫെബ്രുവരി ഒന്നിന് 21 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തിരുന്നു.