Mon. Dec 23rd, 2024
കാലിഫോർണിയ:

ദുബൈ വിമാനത്താവളത്തിൽ മറന്നുവെച്ച തന്റെ ആപ്പിൾ വാച്ച് വീട്ടിലെത്തിച്ച് നൽകിയ എമിറേറ്റ്സ് എയർലൈനിന് നന്ദിയുമായി യു എസ് പൗരൻ. അമേരിക്കയിലെ പ്രമുഖ യൂട്യൂബറായ കാസി നീസ്റ്റാറ്റാണ് ദുബൈ വിമാനത്താവളത്തിന്റെ സെക്യൂരിറ്റി ഡെസ്കിൽ ആപ്പിൾ വാച്ച് മറന്നുവെച്ച വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. തനിക്ക് ആ വാച്ച് വളരേ പ്രിയപ്പെട്ടതാണെന്നും കണ്ടെത്തുന്നവർ വാച്ചിൽ തന്നെ ആലേഖനം ചെയ്ത ഫോൺ നമ്പറിൽ വിളിച്ചറിയിക്കണമെന്ന് അദ്ദേഹം എഴുതി.

മൂന്ന് മണിക്കൂറിനുള്ളിൽ തങ്ങളുടെ എയർപോർട്ട് ടീമുമായി ബന്ധപ്പെട്ട ‘എമിറേറ്റ്സ്’ വാച്ച് കണ്ടെത്തിയാതായി മറുപടി നൽകി. വാച്ച് കണ്ടെത്തിയെന്ന് മാത്രമല്ല നല്ല സുരക്ഷിതമായ കവറിൽ ഭദ്രമാക്കി വാച്ച് വീട്ടുപടിക്കൽ വിമാനക്കമ്പനി എത്തിച്ചു നൽകിയതോടെ കാസിക്ക് സന്തോഷം അടക്കാനായില്ല. വ്യാഴാഴ്ച വാച്ച് കിട്ടിയതിന് പിന്നാലെ ട്വിറ്ററിലൂടെ എമിറേറ്റ്സിനെ നന്ദി അറിയിക്കാൻ കാസി മറന്നില്ല.