Sat. May 4th, 2024
ഗുജറാത്ത്:

ഗുജറാത്തിലെ ഹിജാബ് അനുകൂല റാലിക്ക് അനുമതി നിഷേധിച്ച് പൊലീസ്. പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു. കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിയന്ത്രണത്തിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായാണ് സൂറത്തില്‍ റാലി നടത്താന്‍ മുസ്‍ലിം സംഘടനകള്‍ ആഹ്വാനം ചെയ്തത്.

റാലിക്ക് അനുമതി നല്‍കിയില്ലെന്ന് മാത്രമല്ല എഐഎംഐഎമ്മിന്റെ സൂറത്ത് യൂണിറ്റ് പ്രസിഡന്റ് വസീം ഖുറേഷിയെയും പാർട്ടി അംഗം നസ്മ ഖാന്‍ ഉള്‍പ്പെടെ 20 വനിതാ പ്രതിഷേധക്കാരെയും തടഞ്ഞു- “എന്ത് ധരിക്കണം, എന്ത് ധരിക്കരുത് എന്നത് ഒരു വ്യക്തിയുടെ തെരഞ്ഞെടുപ്പാണ്. ഒരാളുടെ വസ്ത്രധാരണരീതി തെരഞ്ഞെടുക്കുന്നത് നിയന്ത്രിക്കാൻ ഭരണഘടന ആരെയും അനുവദിക്കുന്നില്ല. മറ്റ് മതങ്ങളെപ്പോലെ തന്നെ മുസ്‍ലിം സ്ത്രീകൾക്കും വസ്ത്ര സ്വാതന്ത്ര്യമുണ്ട്”- നസ്മ പറഞ്ഞു.

ഹിജാബ് വിഷയത്തില്‍ അഹമ്മദാബാദില്‍ എഐഎംഐഎം പ്രവര്‍ത്തകരുടെ ഒപ്പുശേഖരണവും പൊലീസ് തടഞ്ഞു. ഒപ്പുശേഖരണം തുടങ്ങും മുന്‍പുതന്നെ പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അഹമ്മദാബാദ് പൊലീസ് ഇതുവരെ നഗരത്തിൽ ഇരുന്നൂറോളം പേരെ കസ്റ്റഡിയിലെടുത്തു.

ഹിജാബ് കേസിൽ തീരുമാനമെടുക്കുന്നത് വരെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതപരമായ വസ്ത്രങ്ങൾ ധരിക്കുന്നത് ഒഴിവാക്കണമെന്ന് കര്‍ണാടക ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. ഇതിനെതിരെ ഒരു വിദ്യാർഥിനി സുപ്രീംകോടതിയെ സമീപിച്ചു. കൂടാതെ യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് ബി വി ശ്രീനിവാസും ഒരു മാധ്യമ വിദ്യാർത്ഥിയും കൂടി സുപ്രിംകോടതിയെ സമീപിച്ചു. കേസ് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും വിദ്യാർത്ഥിനികൾ വര്‍ഷങ്ങളായി ഹിജാബ് ധരിക്കുന്നുണ്ടെന്നും പെണ്‍കുട്ടിയുടെ അഭിഭാഷകന്‍ വാദിച്ചു.

കർണാടക ഹൈക്കോടതി കേസ് പരിഗണിക്കുന്നതിനാല്‍ ഉചിതമായ സമയത്ത് പരിഗണിക്കാമെന്ന് സുപ്രിംകോടതി വ്യക്തമാക്കി. വിഷയം ദേശീയ തലത്തിൽ ചർച്ച ചെയ്യുന്നത് ശരിയല്ലെന്നും കോടതി പറഞ്ഞു. ഹിജാബ് നിയന്ത്രണം ചോദ്യംചെയ്ത് വിദ്യാർത്ഥികൾ സമർപ്പിച്ച ഹരജിയിൽ കർണാടക ഹൈക്കോടതിയുടെ വിശാല ബെഞ്ചില്‍ തിങ്കളാഴ്ചയും വാദം തുടരും.