Sun. Dec 22nd, 2024
മഞ്ചേശ്വരം:

മംഗൽപാടി പഞ്ചായത്തിൽ ശുചിത്വ സംവിധാനമൊരുക്കാത്ത ഫ്ലാറ്റുകൾക്കെതിരെ കർശന നടപടിയെടുക്കാൻ തീരുമാനം.  28 നകം  മാലിന്യ സംസ്കരണ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം. അല്ലാത്ത പക്ഷം ഫ്ലാറ്റുകളിൽ താമസിക്കുന്ന വാടകക്കാരെ ഒഴിപ്പിക്കാൻ പൊലീസ്‌ ഇൻസ്പെക്ടർ  നോട്ടീസ് നൽകി  നടപടിയെടുക്കും.

മാലിന്യ പ്രശ്നം രൂക്ഷമാകുന്ന സാഹചര്യത്തിൽ കലക്ടർ സ്വാഗത് ആർ ഭണ്ഡാരിയുടെ അധ്യക്ഷതയിലായിരുന്നു യോഗം. അഞ്ഞൂറോളം ഫ്ലാറ്റ്‌ മംഗൽപാടി പഞ്ചായത്തിലുണ്ട്. ഫ്ലാറ്റ് മാലിന്യങ്ങളടക്കം റോഡരികിൽ തള്ളുന്നുണ്ട്‌.

മാലിന്യ സംസ്‌കരണ സംവിധാനങ്ങളില്ലാത്ത ഫ്ലാറ്റുകളുടെ  കൈമാറ്റ രജിസ്ടേഷൻ ഉൾപ്പടെ നടത്തില്ലെന്ന്‌ ജില്ലാ രജിസ്ട്രാർ അറിയിച്ചു. മാലിന്യ സംസ്‌കരണ സംവിധാനം ഉണ്ടെന്ന്‌ ജില്ലാ ശുചിത്വമിഷൻ കോർഡിനേറ്ററുടെ സർട്ടിഫിക്കറ്റ്  ഭൂമി കെട്ടിട രജിസ്ട്രേഷന്  നിർബന്ധമാക്കും. പ്രദേശത്തെ റസിഡൻസ് അസോസിയേഷനുകളുടെ യോഗം ചേർന്ന് സഹകരണം ഉറപ്പാക്കാനും റോഡരികിലും പൊതുയിടങ്ങളിലും മാലിന്യം തള്ളുന്നതിനെതിരെ നടപടിയെടുക്കാനും  പൊലീസിനെ ചുമതലപ്പെടുത്തി.
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ജെയ്സൺ മാത്യു, ജില്ലാ രജിസ്ട്രാർ ഹക്കീം, ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ ലക്ഷ്മി,  മംഗൽപാടി പഞ്ചായത്ത് സെക്രട്ടറി എന്നിവർ യോഗത്തിൽ പങ്കെടുത്തു.