Fri. Nov 22nd, 2024

ആലപ്പുഴ: ആലപ്പുഴയിലെ രണ്ട് ആർഡിഒ ഓഫീസുകളിലായി തീരുമാനമാകാതെ കിടക്കുന്നത് 12000 ത്തോളം ഭൂമി തരം മാറ്റികിട്ടാനുള്ള അപേക്ഷകൾ. നിലമായുള്ള വസ്തു പുരയിടമായി പ്രഖ്യാപിക്കാത്തതിനാൽ ഭവന നിർമ്മാണം, വീടിന്റെ അറ്റകുറ്റപ്പണി, വിദ്യാഭ്യാസം, പ്രകൃതിക്ഷോഭ ദുരിതാശ്വാസം എന്നിവയ്‌ക്കൊന്നും അപേക്ഷകർക്ക് വായ്പയോ, സഹോയമോ ലഭിക്കാത്ത അവസ്ഥയാണ്. റവന്യൂ ഓഫീസുകളിൽ പത്തുവർഷത്തോളം കയറിയിറങ്ങിയിട്ടും തീരുമാനമാകാത്ത അപേക്ഷകളുമുണ്ട്. 

ആലപ്പുഴ, ചെങ്ങന്നൂർ എന്നീ രണ്ട് ആർഡിഒ ഓഫീസുകളിലാണ് രണ്ടു മുതൽ പത്തു വർഷമായിട്ടും തീരുമാനമാകാതെയുള്ള അപേക്ഷകളടക്കം  കെട്ടിക്കിടക്കുന്നത്. ഏഴായിരത്തോളം അപേക്ഷകൾ ചെങ്ങന്നൂരിലും, അയ്യായിരത്തിലുമേറെ അപേക്ഷകൾ ആലപ്പുഴയിലുമുണ്ട്. കുട്ടനാട്, അപ്പർ കുട്ടനാട് എന്നീ മേഖലകളിൽ നിന്നുള്ള അപേക്ഷകളാണിവ. ഇതിൽ കുട്ടനാട്ടിലെ രാമങ്കരി പഞ്ചായത്തിൽ നിന്നും മാത്രം 350 ഓളം അപേക്ഷകളാണ് ഭൂമി തരം മാറ്റുന്നതിനായി നൽകിയിരിക്കുന്നത്. 

ഡാറ്റാബാങ്കിൽ നിലം എന്ന പേരിൽ കിടക്കുന്നത് പുരയിടം എന്നാക്കി മാറ്റാത്തതിനാൽ നൂറുകണക്കിനാളുകൾക്ക് പുതിയ വീട് നിർമിക്കാൻ കഴിയാത്ത അവസ്ഥയാണ്. വീടും സ്ഥലവും ഈടുവെച്ച് വിദ്യാഭ്യാസ വായ്‌പ എടുക്കാനോ, വീട് വിൽക്കാനോ, ഭവന വായ്പ എടുക്കാനോ അപേക്ഷകർക്ക് ഇതുമൂലം സാധിക്കുന്നില്ല. പ്രളയദുരിതാശ്വാസം ലഭിക്കുന്നതിന് പോലും പലർക്കും തടസമുണ്ടാകാറുണ്ട്.