കോഴിക്കോട്:
തൊഴിലുറപ്പിൽ വെട്ടാനും കൊത്താനും പോവുന്നത് സ്‌ത്രീകളുടെ മാത്രം പണിയാണെന്നായിരുന്നു പലരുടെയും ധാരണ. എന്നാലിതാ കൊവിഡ് കാലം ആ ധാരണ മാറ്റി മറിക്കുകയാണ്. നേരിട്ട് കാണണമെങ്കിൽ പെരുമണ്ണ പഞ്ചായത്തിലെ 11ാം വാർഡിലേക്ക് പോയാൽ മതി.
കൊത്തിയും കിളച്ചും തരിശ് ഭൂമിയിൽ പൊന്ന് വിളയിക്കുന്ന തൊഴിലുറപ്പ് തൊഴിലാളി സംഘത്തിൽ ഊർജസ്വലരായി 75 പിന്നിട്ട കോരുവും അറുപതുകാരനായ പോക്കരും അബ്ദുൾ കരീമുമെല്ലാം ഉണ്ട്. ഇവർ മാത്രമല്ല, 14 പേരടങ്ങുന്ന ഈ തൊഴിലാളി സംഘത്തിൽ എട്ടും പുരുഷന്മാരാണ്.
99.9 ശതമാനവും സ്‌ത്രീകൾ മാത്രമായിരുന്ന തൊഴിലുറപ്പ് പദ്ധതിയിൽ രണ്ട് വർഷമായി പുരുഷന്മാരും സജീവമാണ്.
കൊവിഡ് കാലം മറ്റു തൊഴിൽ മേഖലയിലുണ്ടാക്കിയ പ്രതിസന്ധികളാണ് കൂലി അൽപ്പം കുറഞ്ഞാലും തൊഴിലുറപ്പിലേക്ക് പുരുഷന്മാരെ ആകർഷിക്കുന്നത്. തൊഴിലുറപ്പ് പ്രവൃത്തിയിലുൾപ്പെട്ടവരിൽ പകുതിയിലേറെയും പുരുഷന്മാരാവുന്നത് സംസ്ഥാനത്ത് ആദ്യമാണെന്ന് പദ്ധതി ജോയിന്റ് പ്രോഗ്രാം കോ–ഓർഡിനേറ്റർ ടി എം മുഹമ്മദ് ഝാ പറഞ്ഞു. സമാനമായ വർദ്ധന പല പഞ്ചായത്തുകളിലും കണ്ടുവരുന്നുണ്ട്.
അസംഘടിത മേഖലയിലും മറ്റ് കൂലിപ്പണികളും എടുത്തിരുന്നവർ തൊഴിൽ ഇല്ലാതായതോടെ 2020–-21 വർഷം മുതൽ തൊഴിലുറപ്പിലേക്ക് വന്നുതുടങ്ങി. കുന്നമംഗലം പഞ്ചായത്തിൽ കഴിഞ്ഞ സാമ്പത്തിക വർഷം 20 പുരുഷ തൊഴിലാളികൾ രജിസ്‌റ്റർ ചെയ്‌തിരുന്നുവെങ്കിൽ ഈ സാമ്പത്തിക വർഷം 38 ആയി. ഇതിൽ പലരും 40 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കി.