Wed. Jan 22nd, 2025
മാന്നാർ:

കുട്ടംപേരൂർ ചേപ്പഴത്തിൽ കോളനിയിലെ ശുദ്ധജലവിതരണ പൈപ്പുപൊട്ടിയൊഴുകി മാസമൊന്നായിട്ടും പരിഹാരമില്ല. ശുദ്ധജലക്ഷാമം ഏറ്റവും കൂടുതലുള്ള മാന്നാർ ഗ്രാമ പഞ്ചായത്ത് 12–ാം വാർഡിലാണ് ശുദ്ധജലം ആർക്കും പ്രയോജനമില്ലാത്ത വിധം പാഴാകുന്നത്.  ജല അതോരിറ്റിയുടെ വക പൈപ്പുലൈനാണ് ഒരു മാസം മുൻപ് പൊട്ടിയത്.

മൂന്നടി താഴ്ചയിലാണ് ഇവിടെ പൈപ്പു സ്ഥാപിച്ചിട്ടുള്ളത്. ആഴത്തിൽ കുഴിച്ചിട്ടിരിക്കുന്ന പൈപ്പുലൈൻ പൊട്ടി വെള്ളം മുകളിലേക്കെത്തി വലിയ കുഴി രൂപപ്പെട്ട ശേഷമാണ് റോഡിലേക്ക് ഒഴുകുവാൻ തുടങ്ങിയത്. ആരും വീഴാതിരിക്കുവാനും അപകടമൊഴിവാക്കുന്നതിനുമായി പരിസരവാസികൾ കുഴിയുടെ അരികിലായി ചെടി നട്ടിരിക്കുകയാണ്.

വെള്ളക്കെട്ടു രൂപപ്പെട്ട കുഴിയിൽ മലിന്യം കടന്നു കൂടിയിട്ടുണ്ട്. നാട്ടുകാർ പല തവണ പഞ്ചായത്ത് അധികൃതരെയും ജല അതോരിറ്റി അധികൃതരെയും അറിയിച്ചിട്ടും പരിഹാരമില്ല. കൂടുതൽ ജനവാസമുള്ള മേഖലയാണെങ്കിലും ഉൾനാടൻ പ്രദേശമായതിനാൽ എളുപ്പമാരും ശ്രദ്ധിക്കാക്കാറില്ല.

വേനൽക്കാലത്തു പൊതുവെ ഈ ഭാഗത്തു വെള്ളമെത്താറില്ല. ആഴ്ചയിൽ രണ്ടോ മൂന്നോ തവണയെ ഈ പൈപ്പുലൈനിൽ വെള്ളമുണ്ടാകുകയുള്ളു.  വേനൽ കടുത്തതോടെ  ശുദ്ധജലത്തിനായി ചേപ്പഴത്തിൽ നിവാസികൾ നെട്ടോട്ടമോടുകയാണ്.