മലപ്പുറം:
വനഭൂമിയിൽ വീട് നിർമിക്കുന്നെന്ന് ആരോപിച്ച് ആദിവാസി കുടുംബങ്ങളുടെ വീട് നിർമാണം വനംവകുപ്പ് തടയുന്നെന്ന് പരാതി. മലപ്പുറം ചോക്കാട് പഞ്ചായത്തിലെ ചിങ്കക്കല്ല് ആദിവാസി കോളനിയിലാണ് വീട് നിർമാണം അനിശ്ചിതത്വത്തിലായത്. പുതിയ വീടിനായി ഒമ്പത് വർഷം മുമ്പ് തറയിട്ടെങ്കിലും ഈ കുടുംബം കഴിയുന്നത് താത്ക്കാലികമായുണ്ടാക്കിയ വീട്ടിലാണ്.
2013ൽ ഐ ടി ടി ഡി പി സഹായത്തോടെ വീടിന്‍റെ തറ നിർമാണം നടന്നു കൊണ്ടിരിക്കെയായിരുന്നു വനംവകുപ്പ് ഇടപെടൽ. വനഭൂമിയിലാണ് വീട് നിർമ്മിക്കുന്നതെന്ന് കാണിച്ച് വനംവകുപ്പ് നിർമ്മാണം തടഞ്ഞു. കഴിഞ്ഞ ഒമ്പത് വർഷമായി ഭൂമിയുടെ അവകാശ രേഖക്കായി ഈ രണ്ട് കുടുംബങ്ങൾ നിരവധി ശ്രമങ്ങൾ നടത്തി.
പ്രശ്നപരിഹാരത്തിനായി ജില്ലാ കലക്ടർ , വനംവകുപ്പ് മന്ത്രി , മുഖ്യമന്ത്രി, തുടങ്ങിയവർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. കാട്ടാനകളുടെ ആക്രമണ ഭീതി നിലനിൽക്കുന്ന പ്രദേശത്ത് പ്ലാസ്റ്റിക്ക് കൊണ്ട് കെട്ടിമറച്ച ഷെഡിലാണ് പിഞ്ചുകുഞ്ഞുങ്ങളടക്കമുള്ള കുടുംബങ്ങൾ കഴിയുന്നത്. കഴിഞ്ഞ വർഷം വനം മന്ത്രി പ്രശ്നത്തിൽ ഇടപെട്ട് അടിയന്തിര നടപടിക്ക് നിർദ്ദേശം നൽകി.
തുടർന്ന് ഡി എഫ്ഒ നേരിട്ട് കോളനിയിലെത്തി സർവ്വേ നടപടികൾ പൂർത്തിയാക്കി അളന്ന് പ്ലോട്ടുകളാക്കി തിരിച്ചു, എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും നടപടി ക്രമങ്ങൾ പൂർത്തിയായില്ല. രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ പരിഹരിക്കേണ്ട ഫയൽ നീക്കം മാത്രമാണ് ഇനിയും പൂർത്തിയാകാനുള്ളത്. റവന്യൂ – വനം വകുപ്പുകളും ഐ ടി ഡി പിയും പഞ്ചായത്തും പരസ്പരം പഴിചാരി നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നില്ലെന്നാണ് ആക്ഷേപം.