Sat. Apr 27th, 2024
നെടുങ്കണ്ടം:

അപകടം തുടര്‍ക്കഥയായ തേവാരംമെട്ട്- ചക്കുളത്തിമേട്  റോഡിലെ അപകടങ്ങള്‍ തടയാന്‍ ക്രാഷ് ബാരിയര്‍ സ്ഥാപിച്ച് പൊതുമരാമത്ത് വകുപ്പ്. വലിയ വളവുകളും തിരിവുകളും നിറഞ്ഞതും കുത്തനെയുള്ള ഈ റോഡിന്റെ ടാറിങ് പൂര്‍ത്തീകരിച്ചതോടെയാണ് തേവാരംമെട്ട് മുതല്‍ ചക്കുളത്തിമേട് വരെയുള്ള 680 മീറ്ററിലെ വന്‍ വളവുകളിൽ ക്രാഷ് ബാരിയറുകള്‍ സ്ഥാപിച്ചത്. 2020 -21 ശബരിമല മണ്ഡലകാല പദ്ധതിയിൽപെടുത്തി രാജാക്കാട്– ചക്കുളത്തിമേട് വരെ 25 കിലോമീറ്റര്‍ ബിഎംബിസി അത്യാധുനിക റോഡിന്റെ നിര്‍മാണം മൂന്ന് ഭാഗങ്ങളായാണ് പൂര്‍ത്തികരിക്കുന്നത്.

ഇതില്‍ ഉടുമ്പന്‍ചോല–ചക്കുളത്തിമേട് വരെയുള്ള 7.5 കിലോമീറ്റര്‍ റോഡിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ച് വരുന്നതിന്റെ ഭാഗമായാണ് ക്രാഷ് ബാരിയറുകള്‍ സ്ഥാപിച്ചത്. പ്രകൃതി മനോഹരമായ പ്രദേശത്തുകൂടി കടന്നുപോകുന്നവര്‍ക്ക് ദൂരക്കാഴ്ചകള്‍ വളരെ ആകര്‍ഷകമാണ്. തമിഴ്‌നാട് പ്രദേശങ്ങളുടെ ദൂരക്കാഴ്ചകള്‍ വാഹനം ഓടിക്കുന്നവരുടെ ശ്രദ്ധ തെറ്റാന്‍ കാരണമാകുകയും വലിയ അപകടത്തിലേക്ക്  നയിക്കുകയും ചെയ്തിട്ടുണ്ട്‌.

കൂടാതെ വന്‍ കോടമഞ്ഞുള്ള രാത്രിസമയങ്ങളിൽ  റോഡില്‍നിന്ന് വിട്ട് വന്‍ കുഴിയില്‍ പതിച്ചുള്ള അപകടങ്ങളും നിരവധിയാണ്. ഈ മേഖലയില്‍ വിവിധ അപകടങ്ങളിലായി അഞ്ചോളം പേരാണ് മരിച്ചത്. സ്‌കൂള്‍ ബസുകള്‍ അടക്കം അപകടത്തില്‍പെട്ടതും വാര്‍ത്തയായിരുന്നു. വിനോദസഞ്ചാരത്തിന് വലിയ സാധ്യതകള്‍ മുന്നില്‍ കണ്ടുകൊണ്ടും മേഖലയിലെ യാത്ര ക്ലേശം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് എം എം മണി എംഎല്‍എ ഈ റോഡിനായി മുന്നിട്ടിറങ്ങിയത്‌.