സോനിപത്:
ഹരിയാനയിലെ സോനിപത്തിലെ ഫാക്ടറിയിൽ നിന്നും ഉയർന്ന വിഷവാതകം ശ്വസിച്ച് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് തൊഴിലാളികളായ 30 സ്ത്രീകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് പേരുടെ നില ഗുരുതരമാണ്. സോനിപത് ബാദ്ഷാഹി റോഡിന് സമീപം സ്ഥിതി ചെയ്യുന്ന ഹ്യൂണ്ടായ് മെറ്റൽ പ്രൈവറ്റ് ലിമിറ്റഡിലെ ജീവനക്കാരെയാണ് വിഷവാതകം ശ്വസിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കമ്പനിക്കുള്ളിലെ ചൂളയിൽ ലോഹം ഉരുക്കുന്നതിനിടെ വിഷവാതകം ചോർന്നതാണ് അപകടത്തിന് കാരണമായത്. നിരവധി രാസവസ്തുക്കൾ ഉപയോഗിച്ച് ചെയ്യുന്ന പ്രക്രിയയാണിത്. വിഷവാതകം ശ്വസിച്ച മുപ്പതോളം സ്ത്രീകൾ തലകറങ്ങി വീഴുകയായിരുന്നു.
എല്ലാവരും ഫാക്ടറിയിലെ ചൂളക്ക് സമീപം ലോഹങ്ങൾ തരംതിരിക്കുന്ന ജോലി ചെയ്യുന്നവരാണ്. ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട എല്ലാ തൊഴിലാളികളെയും ഉടൻ ആശുപത്രിയിലേക്ക് മാറ്റി. എല്ലാവരും നിരീക്ഷണത്തിലാണ്. സംഭവത്തിൽ ഗനൗർ പൊലീസ് അന്വേഷണം ആരംഭിച്ചു.