Thu. Jan 23rd, 2025

തൃശൂര്‍: ഭയം നിറഞ്ഞ ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ ഉറക്കെ ഉച്ചരിക്കാന്‍ ആഗ്രഹിക്കുന്ന രണ്ട് വാക്കുകളാണ് അല്ലാഹു അക്ബര്‍ എന്ന് എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ സാറ ജോസഫ്. കർണാടകയിലെ ഹിജാബ് വിവാദത്തിൽ പ്രതികരണമായാണ് സാറ ജോസഫ് ഫേസ്ബുക്കില്‍ ഇങ്ങനെ എഴുതിയത്

കോളേജില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനിയെ അതെ കോളേജിലെ തീവ്ര ഹിന്ദുത്വ സംഘടനകളില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ തടയാന്‍ ശ്രമിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം വലിയ ചര്‍ച്ചയായിരുന്നു. കാവി ഷാള്‍ അണിഞ്ഞ് ജയ് ശ്രീരാമെന്ന് ആക്രോശിച്ചെത്തിയ ആ സംഘത്തിന് നേരെ അല്ലാഹു അക്ബര്‍ എന്നായിരുന്നു വിദ്യാർത്ഥിനി തിരിച്ചുവിളിച്ചത്. ശേഷം ഇവർക്ക് അരികിലൂടെ ഒറ്റയ്ക്ക് ക്ലാസിലേക്ക് പോകുന്ന വിദ്യാർത്ഥിനിയുടെ വീഡിയോ രാഷ്ട്രീയ നേതാക്കളും സാമൂഹ്യ പ്രവര്‍ത്തകരുമെല്ലാം പങ്കുവെച്ചിരുന്നു.

സംഘപരിവാര്‍ ഇന്ത്യയിൽ ഉണ്ടാക്കിയെടുത്ത വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഏറ്റവും ഭയാനകമായ സാഹചര്യമാണ് സ്വന്തം സഹപാഠികളില്‍ നിന്നും ആ വിദ്യാർത്ഥിനിക്ക് നേരിടേണ്ടി വന്നതെന്ന് ചില അഭിപ്രായപ്പെട്ടിരുന്നു. ഇതിനിടെ ഉഡുപ്പി, ശിവമോഗ, ബഗാല്‍കോട്ട എന്നീ സ്ഥലങ്ങളിലെ കോളേജുകളിൽ ഹിജാബ് വിവാദം സംഘര്‍ഷഭരിതമായതോടെ പൊലീസും അധികൃതരും ഇടപെട്ടിട്ടുണ്ട്.