Wed. Jan 22nd, 2025

പേരാമ്പ്ര: വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ പോക്‌സോ കേസിൽ കുടുക്കിയ എഴുപതുകാരനായ ബാലനെ അഞ്ചു വർഷത്തിന് ശേഷം കോടതി വെറുതെ വിട്ടു. സ്ഥലം വാങ്ങിയതിന്റെ പേരിലുണ്ടായ തർക്കത്തെ തുടർന്ന് പോലീസുകാരനും സുഹൃത്തും ചേർന്ന് അദ്ദേഹത്തെ കേസിൽ പ്രതി ചേർക്കുകയായിരുന്നു. അമ്പത് ദിവസത്തോളം കേസിൽ വിചാരണ തടവുകാരനായി ജയിലിൽ കഴിഞ്ഞ പേരാമ്പ്ര സ്വദേശിയായ കൊയ്യൂക്കണ്ടിയില്‍ ബാലനെ കോഴിക്കോട് പ്രിന്‍സിപ്പല്‍ പോക്സോ കോടതിയാണ് വെറുതെ വിട്ടത്. 

ഒൻപതു വയസ്സുകാരിയെ 2015 മുതൽ 2017 വരെയുള്ള കാലയളവിൽ ബാലൻ വിവിധയിടങ്ങളിൽ കൊണ്ടുപോയി അഞ്ച് തവണ പീഡിപ്പിച്ചെന്നായിരുന്നു കേസ്. 2017 ജനുവരി 24 ന് പേരാമ്പ്ര പോലീസ് സംഭവത്തിൽ ബാലനെതിരെ പോക്‌സോ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. എന്നാൽ അന്ന് പേരാമ്പ്ര പോലീസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന പോലീസുകാരൻ വ്യക്തി വൈര്യാഗത്തിന്റെ പേരിൽ ബാലനെ കേസിൽ കുടുക്കുകയായിരുന്നെന്ന പ്രതിഭാഗം അഭിഭാഷകന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. 

ബാലന്റെയും പോലീസുക്കാരന്റെയും വീടിനിടയിലുള്ള സ്ഥലം വാങ്ങാൻ പോലീസുകാരനും, കേസിലെ പെൺകുട്ടിയുടെ അച്ഛനും താല്പര്യമുണ്ടായിരുന്നു. എന്നാൽ മകളുടെ ഭർത്താവിന്റെ പേരിൽ ബാലൻ ഈ സ്ഥലം വാങ്ങിയതിൽ വൈരാഗ്യമാണ് കേസിനു പിന്നിലെന്നാണ് പ്രതിഭാഗം വാദിച്ചത്. ഈ വാദം കണക്കിലെടുത്ത കോടതി, കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷനായില്ലെന്ന് കണ്ടെത്തി. തുടർന്ന് ബാലനെ വെറുതെ വിട്ടുകൊണ്ട് കോഴിക്കോട് പ്രിന്‍സിപ്പല്‍ പോക്സോ ജഡ്ജ് സി.ആര്‍ ദിനേശ് ഉത്തരവിടുകയായിരുന്നു.