മരച്ചീനിയുടെ ഇലയ്ക്ക് കാരണമായ സംയുക്തം ക്യാന്‍സറിനെ പ്രതിരോധിക്കുമെന്ന് കണ്ടെത്തല്‍. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രികള്‍ച്ചര്‍ നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. ഇത് സംബന്ധിച്ചുള്ള സംയുക്ത ഗവേഷണത്തിന് ഇസ്രയേല്‍ കമ്പനികയായ മൈകോബ്രാ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
മരച്ചീനിയുടെ ഇല ഭക്ഷണമാക്കുന്ന മൃഗങ്ങള്‍ കൂടുതലായി ചത്ത് പോകാൻ തുടങ്ങിയതോടെയാണ് ഇലകളെ പഠന വിധേയമാക്കിയത്. സി ടി സി ആര്‍ ഐ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റായ സി ഐ ജയപ്രകാശും വിദ്യാര്‍ഥികളായ ജോസഫ്, ശ്രീജിത്ത് എന്നിവരുമായിരുന്നു ഗവേഷണത്തിന് നേതൃത്വം നൽകിയിരുന്നത്. മരച്ചീനി ഇലയുടെ കയ്പ്പിന് കാരണമായ സൈനോജന്‍ എന്ന രാസവസ്തുവിനെ പഠനത്തിന്റെ ഭാഗമായി വേര്തിരിച്ചെടുത്തിരുന്നു. ഇത് എവിടെ നിന്ന് വന്നു എന്ന അന്വേഷണത്തിലൂടെയാണ് ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള സയുംക്തം ഇലയിലുള്ളതായി കണ്ടെത്തിയത്.
ഈ കാര്യം ഇസ്രയേലി ശാസ്ത്രജ്ഞര്‍ മുൻപ് കണ്ടെത്തിയതാണെങ്കിലും, ഇലയില്‍ നിന്നും സൈനോജനെ വേര്‍തിരിക്കാനുള്ള സാങ്കേതിക വിദ്യ അന്ന് വികസിപ്പിച്ചെടുക്കാൻ കഴിഞ്ഞിരുന്നില്ല. കേരളത്തിലെ വിവിധ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് , ഈ സംയുക്തം ക്യാന്‍സര്‍ സെല്ലുകളില്‍ പരീക്ഷിച്ചപ്പോഴാണ് ഇതിന്റെ പ്രതിരോധം മനസിലായത്.
ശ്വാസകോശ അര്‍ബുദ കോശങ്ങളിലും ബ്രെയിന്‍ ട്യൂമര്‍ കോശങ്ങളിലും സംയുക്തം പരീക്ഷിച്ചപ്പോൾ അര്‍ബുദ കോശങ്ങള്‍ നശിക്കുന്നതായി വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഐ സി എ ആര്‍ അനുമതി കിട്ടിയാൽ ഇത് സംബന്ധിച്ചുള്ള കൂടുതൽ പഠനങ്ങൾ തുടങ്ങും. അർബുദത്തെ കൂടാതെ കോവിഡിനെ പ്രതിരോധിക്കാനും മരച്ചീനി ഇലകൾക്ക് ആവുമെന്ന് ഇസ്രയേല്‍ ശാസ്ത്രജ്ഞര്‍ പറയുന്നുണ്ടെങ്കിലും, പഠനങ്ങൾ പൂർത്തിയാകാത്തതിനാൽ സ്ഥിതീകരിക്കാനാവില്ല.