Wed. May 1st, 2024

ബെംഗളൂരു: ഹിജാബ് വിലക്കിനെതിരായ പ്രതിഷേധം വ്യാപകമായ സാഹചര്യത്തിൽ സംസ്ഥാനത്തെ മുഴുവന്‍ ഹൈസ്‌കൂളുകളും കോളേജുകളും മൂന്നു ദിവസത്തേക്ക് അടച്ചിടാൻ തീരുമാനിച്ചതായി കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. സംസ്ഥാനത്തെ മുഴുവൻ വിദ്യാര്‍ഥികളോടും അധ്യാപകരോടും സ്‌കൂള്‍- കോളേജ് മാനേജ്‌മെന്റുകളോടും ജനങ്ങളോടും സമാധാനവും ഐക്യവും നിലനിര്‍ത്താന്‍ സഹകരിക്കണമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. 

ഉഡുപ്പി കോളേജിൽ ഹിജാബ് ധരിച്ച വിദ്യാർത്ഥിനികളെ വിലക്കിയതോടെയാണ് ഹിജാബ് പ്രതിഷേധം തുടങ്ങുന്നത്. ഇത് കർണാടകയിലെ മറ്റു കോളേജുകളിലേക്ക് കൂടെ വ്യാപിക്കുകയായിരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി ഒരു വിഭാഗം വിദ്യാർത്ഥിനികൾ ഹിജാബ് ധരിച്ചെത്തിയപ്പോള്‍ മറ്റൊരു വിഭാഗം കാവി ഷാളും ധരിച്ചാണ് എത്തിയത്.

കോളേജുകളിലെ ഹിജാബ് വിലക്കിനെതിരെ ഉഡുപ്പി വനിതാ കോളേജിലെ വിദ്യാര്‍ത്ഥികൾ കർണാടക ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. മൗലികാവകാശങ്ങളുടെ ലംഘനമാണിതെന്നും, മതസ്വാതന്ത്രത്തിനുള്ള അവകാശം നിഷേധിച്ചതിന് തുല്യമാണെന്നും കാണിച്ചാണ് വിദ്യാർഥികൾ  ഹര്‍ജി നല്‍കിയിരിക്കുന്നത്.