Mon. Dec 23rd, 2024

ഉഡുപ്പി: കര്‍ണാടകയിലെ കോളേജുകളില്‍ നടക്കുന്ന ഹിജാബ് വിലക്കിനെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥിനികൾക്കും, അവരുടെ രക്ഷിതാക്കൾക്കുമെതിരെ പോലീസ് അന്വേഷണത്തിന് ഉത്തരവ്. ഇവർക്ക് ഏതെങ്കിലും സംഘടനകളുമായി ബന്ധമോ, ഏതെങ്കിലും യോഗങ്ങളിൽ പങ്കെടുത്തിട്ടുണ്ടോ തുടങ്ങിയ വിവരങ്ങൾ അന്വേഷിക്കാനാണ് ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര നിർദേശം നൽകിയത്. 

ഹിജാബ് സംബന്ധിച്ച് കോളേജിന്റെ നടപടിക്കെതിരെ പ്രതിഷേധിച്ച ആറ് വിദ്യാര്ഥിനികൾക്കും, അവരുടെ രക്ഷിതാക്കൾക്കുമെതിരെയായാണ് അന്വേഷണം. ഇവരുടെ ഫോൺ രേഖകളും പോലീസ് ശേഖരിക്കും. തീവ്രവാദ ബന്ധമുള്ള സംഘടനകളാണ് ഹിജാബ് വിഷയത്തിൽ സമരം ചെയ്യുന്നതെന്നാണ് കർണാടകയിലെ ബിജെപി നേതാക്കൾ ആരോപിക്കുന്നത്. 

ഇതിനിടെ ഹിജാബ് വിലക്കിനെതിരെ കർണാടകയിലെ വിവിധ കോളേജുകളിൽ പ്രതിഷേധം തുടരുകയാണ്. ഹിജാബ് ധരിച്ച് കോളേജുകളിൽ പ്രവേശനം നിരോധിച്ചതിനെതിരെ വിദ്യാർഥികൾ നൽകിയ ഹർജി ഇന്ന് കർണാടക ഹൈക്കോടതി പരിഗണിക്കും.