Mon. Dec 23rd, 2024

ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാലയിലെ പുതിയ വൈസ് ചാൻസിലറായി ചുമതലയേറ്റത്തിന് ശേഷം ശാന്തിശ്രീ ധുലിപുടി പണ്ഡിറ്റ് ഇറക്കിയ ആദ്യ വാർത്താ കുറിപ്പിൽ നിരവധി തെറ്റുകൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രസാദിനും നന്ദി അറിയിച്ചുകൊണ്ട് ശാന്തിശ്രീ ഇറക്കിയ കുറിപ്പിലാണ് തെറ്റുകളുള്ളത്. കുറിപ്പിലെ വ്യാകരണ, അക്ഷരത്തെറ്റുകൾ ചൂണ്ടിക്കാട്ടി ബിജെപി എംപി വരുൺ ഗാന്ധി ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിട്ടുണ്ട്. 

എം ജഗദീഷ് കുമാറിനു പകരക്കാരിയായാണ് ശാന്തിശ്രീ പണ്ഡിറ്റ് ജെഎൻയു വിസിയായി സ്ഥാനമേറ്റെടുത്തത്. ജെഎൻയുവിന്റെ ആദ്യ വനിതാ വിസി കൂടെയാണ് ശാന്തിശ്രീ. ഇവരുടെ നിരവധി ട്വിറ്ററുകൾക്കെതിരെയും വിമർശനങ്ങൾ ഉയരുന്നുണ്ട്. ഹിന്ദുത്വ വാദങ്ങളും മുസ്ലിം വിദ്വേഷവും അടങ്ങുന്ന ഇവരുടെ ട്വീറ്റുകൾ പലരും ചൂണ്ടിക്കാണിച്ചപ്പോൾ ഈ ട്വിറ്റർ ഹാൻഡിൽ ഡിആക്ടിവേറ്റായിട്ടുണ്ട്. 

ശാന്തിശ്രീയുടെ ഒരു ട്വീറ്റിൽ ‘ഹിന്ദുവിനെ അവഹേളിക്കുന്നവൻ’ എന്ന് നടൻ കമൽ ഹാസനെ വിശേഷിപ്പിച്ചിരുന്നു. മറ്റൊന്നിൽ സമത്വമുള്ള ഇന്ത്യക്കായി പ്രവൃത്തി പ്രധാനമാണെന്ന് കരുതിയ ആളാണ് ഗോഡ്സെയെന്നും, അതിനാണ് ഗാന്ധിയെ വധിച്ചതെന്നും പറയുന്നുണ്ട്. കാർഷിക സമരങ്ങളെ തള്ളിപ്പറഞ്ഞ ശാന്തിശ്രീ മുസ്ലിം പള്ളികൾ തകർക്കണമെന്ന ആഹ്വാനങ്ങളെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു.