Fri. Mar 29th, 2024

ഉത്തര്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക ബിജെപി  പുറത്തിറക്കി. ലവ് ജിഹാദ് കുറ്റം തെളിഞ്ഞാൽ പത്ത് വര്ഷം തടവും, ഒരു ലക്ഷം രൂപ പിഴയും, സ്ത്രീകൾക്ക് ഹോളിക്കും ദീപാവലിക്കും സൗജന്യ ഗ്യാസ് സിലിണ്ടർ, കോളേജ് വിദ്യാർഥിനികൾക്ക് സൗജന്യ ഇരുചക്രവാഹനം തുടങ്ങിയവയാണ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ. 

ലഖ്‌നൗവിൽ നടന്ന ചടങ്ങിൽ കേന്ദ്ര ആദ്യന്തരമന്ത്രി അമിത് ഷാ, യുപി മുഖ്യമന്ത്രി ആദിത്യനാഥ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പത്രിക പുറത്തിറക്കിയത്. ഫെബ്രുവരി ആറിന് പ്രകടന പത്രിക ഇറക്കാൻ തീരുമാനിച്ചിരുന്നെങ്കിലും, ലതാ മങ്കേഷ്ക്കറുടെ മരണത്തെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു. 

അറുപത് വയസ്സ് കഴിഞ്ഞ സ്ത്രീകൾക്ക് പൊതുഗതാഗത സംവിധാനങ്ങളിൽ സൗജന്യ യാത്ര, ഓരോ കുടുംബത്തിലും കുറഞ്ഞത് ഒരാൾക്കെങ്കിലും ജോലി, കർഷകർക്ക് ജലസേചന ആവശ്യങ്ങൾക്കായി സൗജന്യ വൈദ്യുതി എന്നിവയും ബിജെപിയുടെ പ്രകടന പത്രികയിൽ പറയുന്നുണ്ട്. ഇതുകൂടാതെ വിധവ പെൻഷൻ 800 ൽ നിന്നും 1500 രൂപയാക്കി ഉയർത്തും, പ്രതിശീർഷ വരുമാനം ഇരട്ടിയാക്കും എന്നിങ്ങനെയും വാഗ്ദാനങ്ങളുണ്ട്.