Thu. Jan 23rd, 2025

തളിപ്പറമ്പ്: സ്പൈനൽ മസ്കുലാർ അട്രോഫി ടൈപ്പ് ടു രോഗം ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടരവയസ്സുകാരൻ നിവർന്നുനിന്ന് തുടങ്ങി. ചപ്പാരപ്പടവിലെ മുഹമ്മദ് ഖാസിമാണ് സോൾജെൻസ്മ ജീൻ തെറാപ്പി ചികിത്സയ്യ്ക്ക് ശേഷം നിവർന്ന് നിന്നത്. അഞ്ചുമാസത്തിനു ശേഷം ആസ്പത്രിയിൽനിന്ന് നാട്ടിലെത്തിയ ഖാസിമിനെയും കുടുംബത്തെയും ചികിത്സാ സഹായക്കമ്മിറ്റി ചേർന്ന് സ്വീകരിച്ചു. 

കഴിഞ്ഞവർഷം സെപ്റ്റംബർ അഞ്ചിനായിരുന്നു എസ്.എം.എ. ചികിത്സയ്ക്കായി  ഖാസിമിനെ ബെംഗളൂരു ബാപ്റ്റിസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഒക്ടോബർ രണ്ടിന് ഡോക്ടർമാരായ ആൻ ആഗ്നസ് മാത്യു, മാധുരി, രമ്യ എന്നിവരുടെ മേൽനോട്ടത്തിൽ സോൾജെൻസ്മ മരുന്ന് അടങ്ങിയ ഇഞ്ചക്‌ഷൻ നൽകി. ബെംഗളൂരു കെ.എം.സി.സി.യായിരുന്നു സൗകര്യങ്ങൾ ഏർപ്പെടുത്തിയത്. ചികിത്സയ്ക്ക് ശേഷം നിവർന്നു നിൽക്കാനായെങ്കിലുംആഴ്ചയിൽ അഞ്ചുദിവസം വീതം  കുട്ടിക്ക് ദീർഘകാലം ഫിസിയോതെറാപ്പി ചികിത്സ ആവശ്യമാണ്. ഡോക്ടർമാരുടെ നിർദേശപ്രകാരം കുട്ടിയെ കാണാനായി സന്ദർശകരെയും അനുവദിക്കുകയില്ല. 

കഴിഞ്ഞ വര്ഷം ജൂലായ്‌ 26-നായിരുന്നു മന്ത്രി എം.വി.ഗോവിന്ദൻ, കെ.സുധാകരൻ എം.പി. എന്നിവരെ മുഖ്യ രക്ഷാധികരികളാക്കി ചികിത്സാസഹായ സമിതി രൂപവത്‌കരിച്ചത്. ആദ്യഘട്ടത്തിൽ കൂലിപ്പണിക്കാർ, ഓട്ടോ തൊഴിലാളികൾ, ബസ് ജീവനക്കാർ തുടങ്ങിയവരുടെ ഒരു ദിവസത്തെ വേതനവും തളിപ്പറമ്പ് മാർക്കറ്റിൽനിന്ന് സമാഹരിച്ച ലക്ഷം രൂപയുമാണ് ചികിത്സാസഹായ നിധിയിലേക്ക് ലഭിച്ചത്. പിന്നീട്  ഏഴുകോടി രൂപ മാട്ടൂൽ മുഹമ്മദ് ചികിത്സാസഹായ കമ്മിറ്റിയിൽ നിന്നും ലഭിച്ചു. വിദേശരാജ്യങ്ങളിലുള്ള  അതിഥിതൊഴിലാളികൾ സഹായം അഭ്യർത്ഥിച്ചുകൊണ്ടുള്ള വാർത്ത ഹിന്ദിയിലേക്ക് തർജ്ജമ ചെയ്ത് അവരുടെ നാടുകളിലേക്ക് കൂടെ എത്തിച്ചതോടെ  ഉത്തരേന്ത്യയിൽ നിന്നും പണമെത്താൻ തുടങ്ങി. 17,32,82,146 രൂപയാണ് ഒരുമാസവും മൂന്നുദിവസവുംകൊണ്ട് ചികിത്സാ സഹായനിധിയിലേക്ക് സമാഹരിച്ചത്. 

മരുന്നിന്റെ ജി.എസ്.ടിയിൽ ഇളവ് നല്കണമെന്നാവശ്യപ്പെട്ട് കെ.സുധാകരൻ എം.പി. അയച്ച കത്ത് കേന്ദ്രം പരിഗണിച്ചിരുന്നു. സോൾജെൻസ്മ മരുന്നിന് 16 കോടി രൂപയാണ് ആകെ ചെലവായത്. സമാഹരിച്ച ബാക്കി തുക ഇതേ അസുഖം ബാധിച്ച ലക്ഷദ്വീപിലെ ഇശൽ മറിയത്തിന് കൈമാറിയിട്ടുണ്ട്. 

ചികിത്സാ സഹായക്കമ്മിറ്റി അധ്യക്ഷയായ ചപ്പാരപ്പടവ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് സുനിജ ബാലകൃഷ്ണൻ, ജനറൽ കൺവീനർ അബ്ദുറഹ്‌മാൻ പെരുവണ, കൺവീനർമാരായ എം.എം.അജ്മൽ, ഉനൈസ് എരുവാട്ടി, റിയാസ് കെ.എം.ആർ, ടി.വി.മൈമൂനത്ത് എന്നിവർ ചേർന്നാണ് മുഹമ്മദ് ഖാസിമിനിയും കുടുംബത്തെയും സ്വീകരിച്ചത്.