കോട്ടയം:കോട്ടയം അഭയം ചാരിറ്റബിള്‍ ട്രസ്റ്റുമായി സഹകരിച്ച് വാവ സുരേഷിന് സിപിഐഎം വീട് നിര്‍മ്മിച്ച് കൊടുക്കുമെന്ന് മന്ത്രി വിഎന്‍ വാസവന്‍. വാവ സുരേഷിന് മികച്ച ചികിത്സയാണ് കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും നൽകിയതെന്നും, അവസരോചിതമായ ഡോക്ടർമാരുടെ ഇടപെടലാണ് അദ്ദേഹത്തെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നതെന്നും മന്ത്രി പറഞ്ഞു.ആറുദിവസത്തിനു ശേഷം ആരോഗ്യവാനായി വാവ സുരേഷ് ആശുപത്രിയിൽ നിന്നും വന്നതിനു പിന്നാലെയാണ് വീട് നിർമ്മിച്ചു കൊടുക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചത്.
കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും തനിക്ക് ഇതുവരെ ലഭിച്ചതില്‍ വെച്ച് ഏറ്റവും മികച്ച ചികിത്സയാണ് ലഭിച്ചതെന്ന് വാവ സുരേഷും പറഞ്ഞിരുന്നു. തന്റെ ആരോഗ്യത്തിനും, മടങ്ങിവരവിനും വേണ്ടി പ്രാർത്ഥിച്ചവരോട് നന്ദിയുണ്ടെന്നും, ദൈവത്തെപ്പോലെയാണ് മന്ത്രി വി എന്‍ വാസവനെന്നും വാവ സുരേഷ് പറഞ്ഞു. വേണ്ടത്ര കരുതലുകളോടെയും, മുന്നൊരുക്കങ്ങളോടെയും മാത്രമേ ഇനി പാമ്പിനെ പിടിക്കൂവെന്ന് മന്ത്രിക്ക് സുരേഷ് വാക്ക് നൽകിയിരുന്നു.
നിലവിൽ ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലെങ്കിലും വാവ സുരേഷ് കുറച്ചുകാലം വിശ്രമത്തിലായിരിക്കും. കടിയേറ്റിടത്ത് മുറിവ് ഉണങ്ങാനുള്ള ആന്റി ബയോട്ടിക്കുകള്‍ മാത്രമാണ് ഇപ്പോൾ കഴിക്കുന്നത്. ജനുവരി 31 നായിരുന്നു മൂര്‍ഖനെ പിടികൂടാനായി വാവാ സുരേഷ് കോട്ടയം കുറിച്ചിയില്‍ എത്തിയത്. മൂർഖനെ പിടികൂടി ചാക്കിനകത്താക്കാൻ ശ്രമിക്കുന്നതിനിടെ സുരേഷിന്റെ മുട്ടിന് മുകളില്‍ കടിയേല്‍ക്കുകയായിരുന്നു. കടിയേറ്റ ശേഷവും പാമ്പിനെ വീണ്ടും പിടിച്ച ശേഷമാണ് അദ്ദേഹം ആശുപത്രിയിലേക്ക് പോയത്.