Wed. Jan 22nd, 2025

ഉഡുപ്പി:കർണാടകയിലെ കോളേജിൽ ഹിജാബ് ധരിച്ചെത്തിയ പെൺകുട്ടികളെ പ്രത്യേക ക്ലാസിൽ പ്രവേശിപ്പിച്ചു. ഉഡുപ്പിയിലെ കുന്ദപൂരിലെ ജൂനിയർ പിയു കോളേജിലാണ് ഹിജാബ് ധരിച്ചവരെ പ്രത്യേക ക്ലാസ്സിലേക്ക് മാറ്റി, ക്ലാസെടുക്കാതിരുന്നത്. ഇതിനിടെ കർണാടകയിലെ ഹിജാബ് വിവാദം തുടരുന്ന സാഹചര്യത്തിൽ സം​ഘർഷ സാഹചര്യം ഒഴിവാക്കാൻ  സംസ്ഥാനത്തെ രണ്ട് കോളേജുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. 

ഹിജാബ് ഒഴിവാക്കിയാൽ മറ്റു വിദ്യാർത്ഥികൾക്കൊപ്പം ക്ലാസിലിരിക്കാമെന്നായിരുന്നു ജൂനിയർ പിയു കോളേജിലെ പ്രിൻസിപ്പാള്‌ രാമകൃഷ്ണൻ വിദ്യാർത്ഥിനികളോട് പറഞ്ഞിരുന്നത്. എന്നാൽ അതിനു തയ്യാറല്ലെന്ന് വിദ്യാർത്ഥിനികൾ അറിയിച്ചതോടെയാണ് ഇവരെ പ്രത്യേക ക്ലാസ്സിലേക്ക് മാറ്റിയത്. ഗേറ്റിന് പുറത്ത് ആൾക്കൂട്ടം ഒഴിവാക്കാൻ വേണ്ടിയാണ് പെൺകുട്ടികളെ ക്ലാസിൽ കയറ്റിയതെന്നാണ് പിന്നീട് കോളേജ് അധികൃതർ നൽകിയ വിശദീകരണം. 

കുന്ദപൂരിലെ എം ഷെട്ടി ​ഗവർണമെന്റ് ഫസ്റ്റ് ​ഗ്രേഡ് കോളേജിലും ഹിജാബ്  ധരിച്ചെത്തിയ വിദ്യാര്ഥിനികൾക്കെതിരെ നടപടി ഉണ്ടായി. ഹിജാബ് ധരിച്ചെത്തിയവരെ വീട്ടിലേക്ക് പറഞ്ഞയക്കുകയായിരുന്നു. എന്നാൽ ഹിജാബ് വിഷയത്തിൽ നാളെ ഹൈക്കോടതി വിധി വരുന്നതു വരെ കാത്തിരിക്കാനാണ് വിദ്യാർത്ഥിനികളോട് പറഞ്ഞതെന്നാണ് കോളേജ് വൈസ് പ്രിൻസിപ്പാൽ ഉഷാ ദേവി നൽകിയ വിശദീകരണം. 

നാളെ കർണാടക ഹൈക്കോടതി വിധി പറയുന്നതോടെ ഹിജാബ് വിഷയത്തിലുണ്ടായ സംഘർഷം അവസാനിക്കുമെന്നാണ് കോളേജുകൾ പ്രതീക്ഷിക്കുന്നത്. ക്ലാസിൽ ഹിജാബ് ധരിക്കണമെന്നാവശ്യപ്പെട്ട് ഉഡുപ്പി പിയു കോളേജിലെ അഞ്ച് വിദ്യാർത്ഥിനികൾ നൽകിയ പരാതിയിലാണ് കോടതി വിധി പറയുക.