Sun. May 5th, 2024

പാലക്കാട്: അനധികൃതമായി ടാക്‌സികളായി സര്‍വീസ് നടത്തുന്ന വാഹനങ്ങളെ പിടികൂടാനായി ഓപ്പറേഷന്‍ ഹലോടാക്‌സി എന്ന പേരില്‍ പരിശോധനയുമായി മോട്ടോര്‍വാഹനവകുപ്പ്. ടാക്‌സി സംഘടനകള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പുതിയ പരിശോധനയ്ക്ക് തുടക്കം കുറിച്ചത്. നിലവിൽ പത്തോളം വാഹനങ്ങൾ പാലക്കാട് ജില്ലയിൽ നിന്നും മാത്രം പിടികൂടുകയും, ഇവരിൽ നിന്നും 60,000 രൂപ പിഴയീടാക്കുകയും ചെയ്തിട്ടുണ്ട്. 

കേരളത്തിലെ എല്ലാ ജില്ലയിലും കേരള ടാക്‌സി ഡ്രൈവേഴ്സ് ഓര്‍ഗനൈസേഷന്‍ അടക്കമുള്ള ടാക്‌സി ഡ്രൈവര്‍മാരുടെ സംഘടനകള്‍ കള്ളടാക്‌സികള്‍ സര്‍വീസ് നടത്തുന്നതായി പൊലീസിന് പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് എല്ലാ ആര്‍.ടി.ഒ.മാരോടും പരിശോധന നടത്താൻ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ നിര്‍ദേശം നൽകുകയായിരുന്നു. ഇതേ തുടർന്നാണ് പാലക്കാട് ജില്ലയിൽ മാത്രം പത്തു വാഹനങ്ങൾ പിടിച്ചത്. 

മൂവായിരത്തിലേറെ വാഹനങ്ങള്‍ കള്ളടാക്‌സിയായി സര്‍വീസ് നടത്തുന്നുണ്ടെന്നാണ് കേരള ടാക്‌സി ഡ്രൈവേഴ്സ് ഓര്‍ഗനൈസേഷന്‍ വിവിധ സബ് ആര്‍.ടി.ഓഫീസുകളിലായി പരാതി നല്‍കിയത്. അനധികൃതമായി പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് വേണ്ടിപ്പോലും കാറുകള്‍ സര്‍വീസ് നടത്തുന്നതായി പരാതിയിൽ പറഞ്ഞിരുന്നു. പരാതിയിൽ പരാമർശിച്ച വാഹനങ്ങൾക്ക് മോട്ടോര്‍ വാഹനവകുപ്പ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ചില വാഹനങ്ങൾ വില്‍പന നടത്തി കൈമാറിയതാണെന്നും, ചിലത് ഉപയോഗിക്കാത്തവയാണെന്നും നോട്ടീസിന് മറുപടിയായി വന്നിട്ടുണ്ട്. മറ്റുള്ളവയ്ക്കെതിരെ നടപടിയെടുക്കാൻ വാഹനങ്ങൾ അനധികൃത സര്‍വീസ് നടത്തുന്നതിനിടെ തെളിവ് സഹിതം പിടികൂടണം. ഇത്തരത്തിലാണ് പത്ത് വാഹനങ്ങൾ പിടികൂടിയത്.