Sun. Feb 23rd, 2025

പരവൂർ: ചൂരൽ വടികൊണ്ട് നാലാം ക്ലാസുകാരിയെ ട്യൂഷൻ ടീച്ചർ അടിച്ച് പരിക്കേൽപ്പിച്ചതായി പരാതി. കൊല്ലം പരവൂർ പൂതക്കുളം സ്വദേശി ജയചന്ദ്രന്റെ മകൾ ജയലക്ഷ്മിക്കാണ് പരിക്കേറ്റത്. സംഭവത്തിൽ ടീച്ചർക്കെതിരെ പരവൂർ പോലീസിലും, ശിശുക്ഷേമ സമിതിയിലും കുട്ടിയുടെ പിതാവ് പരാതി നൽകിയിട്ടുണ്ട്. 

കാലിനു വേദനയുണ്ടെന്ന് പറഞ്ഞ് കുട്ടി ട്യൂഷന് പോകാൻ വിസമ്മതിച്ചപ്പോഴാണ് മാതാപിതാക്കൾ ഈ കാര്യം ശ്രദ്ധിക്കുന്നത്. കുട്ടിയുടെ കാലിന്റെ പിന്നിലായി അടിയേറ്റത്തിന്റെ ഒരുപാട് പാടുകളുണ്ടായിരുന്നു. കുട്ടിയെ നെടുങ്ങോലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിയിട്ടുണ്ട്. കുട്ടിയുടെ സഹോദരിയും ഇവിടെയാണ് പഠിക്കുന്നതെങ്കിലും, ഈ കാര്യം വീട്ടിൽ പറഞ്ഞാൽ സഹോദരിക്കും അടികിട്ടുമെന്ന് ടീച്ചർ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. 

കുട്ടിയുടെ പിതാവ് ജയചന്ദ്രൻ നൽകിയ പരാതിയിൽ പരവൂർ പോലീസ് കേസെടുത്തിട്ടുണ്ട്. ഇതിനിടെ ജയചന്ദ്രൻ ടീച്ചറോട് മോശമായി പെരുമാറിയെന്ന് കാണിച്ച് നൽകിയ പരാതിയിൽ തിരിച്ചും പോലീസ് കേസെടുത്തിട്ടുണ്ട്.