Fri. Nov 22nd, 2024

തിരുവനന്തപുരം: ആശുപത്രിയിൽ പോകാതെ വീടുകളിലിൽ വെച്ച് തന്നെ രോഗികൾക്ക് ഡയാലിസിസ് ചെയ്യാനുള്ള സൗകര്യമൊരുങ്ങുന്നു. പെരിറ്റോണിയൽ ഡയാലിസിസ് എന്ന് പേരിട്ടിരിക്കുന്ന പദ്ധതി കേരളത്തിലെ പതിനൊന്നു ജില്ലകളിലാണ് ആദ്യ ഘട്ടത്തിൽ ആരംഭിക്കുക. തീർത്തും സൗജന്യമായ പദ്ധതിയാണിത്. 

ആശുപത്രികളിൽ പോയി മാത്രം ചെയ്യാൻ കഴിയുന്നതും, ചിലവേറിയതും, ശാരീരിക ബുദ്ധിമുട്ടുകൾ കൂടുതലുമുള്ള ഹീമോ ഡയാലിസിസ് ചെയ്യുന്നത് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പെരിറ്റോണിയൽ ഡയാലിസിസ് പദ്ധതി ആരംഭിക്കുന്നത്. ശരീരത്തിനുള്ളിൽ വെച്ച് തന്നെ രക്തം ശുദ്ധീകരിക്കുന്ന രീതിയാണിത്. 

92 ആശുപത്രികളിലായി പ്രതിമാസം നാല്പത്തിനായിരത്തോളം രോഗികൾ നിലവിൽ ഹീമോ ഡയാലിസിസ് ചെയ്യുന്നുണ്ട്. കൂടാതെ പത്തു മെഡിക്കൽ കോളേജുകൾ വഴി പതിനായിരത്തോളം ഡയാലിസിസുകളും നടത്തുന്നുണ്ട്. പുതിയ പദ്ധതി ആരംഭിക്കുന്നതോടെ ഹീമോ ഡയാലിസിസ് ചെയ്യുന്നവരുടെ എന്നതിൽ വലിയ കുറവുണ്ടാകും. ഡോക്ടറുടെ നിർദേശപ്രകാരം മാത്രമായിരിക്കും ഏത് ഡയാലിസിസ് ആണ് വേണ്ടതെന്ന് തീരുമാനിക്കുക. 

പെരിറ്റോണിയൽ ഡയാലിസിസിനു ആവശ്യമായ കത്തീറ്ററും മറ്റു സാമഗ്രികളും ആശുപത്രിയിൽ നിന്നും സൗജന്യമായി നൽകും. നിലവിൽ നെഫ്രോളജിസ്റ്റുകൾ ഉള്ള ആശുപത്രിയിലാവും കത്തീറ്റർ നിക്ഷേപിക്കുകയും, പുതിയ പദ്ധതി ആരംഭിക്കുകയും ചെയ്യുക. അല്ലാത്ത ജില്ലാ ആശുപത്രികളിൽ തുടർ ചികിത്സയും, അടുത്തുള്ള മെഡിക്കൽ കോളേജിൽ കത്തീറ്റർ നിക്ഷേപിക്കാനുള്ള സൗകര്യവുമാകും ഒരുക്കുക. 

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ പതിനൊന്നു  ജില്ലകളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതിആരംഭിക്കുന്നത്. ഉടന്‍ തന്നെ ഇത് മറ്റു മൂന്നു ജില്ലകളിലും ആരംഭിക്കുന്നതായിരിക്കും.