Mon. Dec 23rd, 2024
മൂലമറ്റം:

റോഡിനു നടുവിൽ കിണർ! ഹൈറേഞ്ചിലേക്ക് ആദ്യമായി യാത്ര ചെയ്യുന്നവരുടെയെല്ലാം കണ്ണുടക്കും തൊടുപുഴ–പുളിയന്മല സംസ്ഥാനപാതയിലെ കുരുതിക്കുളത്തെ കിണർ കണ്ടാൽ. സഞ്ചാരികൾ ഇവിടെ ഇറങ്ങി ഒരു ഫോട്ടോ എടുത്തിട്ടേ പോകാറുള്ളൂ. കാലംമാറി ന്യൂജന്മാരും ഫ്രീക്കന്മാരും സമൂഹമാധ്യമങ്ങളിലങ്ങനെ കിണറിനെ വെെറലുമാക്കി.

സംസ്ഥാനത്തുതന്നെ റോഡിനു നടുവിൽ കിണറുള്ള ഏക സ്ഥലമാണ് കുരുതിക്കുളം. തൊടുപുഴ– പുളിയൻമല സംസ്ഥാനപാതയിൽ പന്ത്രണ്ട് ഹെയർപിൻ വളവുകൾ ഉള്ളതിൽ അഞ്ചാം വളവിലാണിത്. 1952–- 53 കാലത്ത്‌ പുളിക്കൽ ചാക്കോയും സഹോദരൻ ഫിലിപ്പോസും കൂടി പുരയിടത്തിൽ നിർമിച്ചതായിരുന്നു കിണർ. പിന്നീട് റോഡ് വികസനത്തിന്റെ ഭാഗമായി ഇവർ അഞ്ചര ഏക്കറോളം സ്ഥലം വിട്ടുനൽകി.

എന്നാൽ, ഇവർ ഒരു നിബന്ധന വച്ചിരുന്നു– ‘ഒട്ടേറെ കുടുംബങ്ങളുടെ കുടിവെള്ള സ്രോതസ്സായ കിണർ നിലനിർത്തണം’. ഇത് അംഗീകരിച്ച അധികൃതർ കൊടുംവളവിൽ കിണർ നിലനിർത്തി തന്നെ റോഡ് നിർമിച്ചു. ആദ്യം റോഡിന് വശത്തായിരുന്നു കിണർ.

വാഹനം നിർത്തി തണുത്ത വെള്ളം കുടിച്ചും മുഖം കഴുകിയുമൊക്കെ പോയ ഒരു കാലമുണ്ടായിരുന്നു. പിന്നീട് റോഡ് വീതികൂട്ടിയപ്പോൾ നടുവിലായി. കടുത്ത വേനലിൽപോലും ജലസമൃദ്ധമാണ് ഈ കിണർ. ചെറുതോണി അണക്കെട്ടിന്റെ നിർമാണം പൂർത്തിയായി വെള്ളം കെട്ടിനിർത്തി തുടങ്ങിയതോടെ പ്രദേശത്തെ ജലക്ഷാമത്തിന് അറുതി വന്നപ്പോൾ കിണറിനെ ആശ്രയിക്കുന്നവർ കുറഞ്ഞു. എങ്കിലും കിണറിന് ഇരുമ്പുവല കൊണ്ട്‌ കവചം തീർത്ത്‌ ഇപ്പോഴും സംരക്ഷിക്കുന്നു.