കോഴിക്കോട്:
ചിൽഡ്രൻസ് ഹോമിൽ നിന്ന് ഒളിച്ചോടിയശേഷം കണ്ടെത്തിയ കുട്ടികളിൽ തന്റെ മകളെ തിരിച്ചു തരണമെന്നാവശ്യപ്പെട്ട് പെൺകുട്ടികളിൽ ഒരാളുടെ രക്ഷിതാക്കൾ രംഗത്തെത്തി. എന്നാൽ കുട്ടിയെ വിട്ട് തരില്ലെന്ന നിലപാടിലാണ് ചിൽഡ്രൻസ് ഹോം അധികൃതരെന്ന് ഇവർ പരാതിപ്പെടുന്നു. ഇത് വ്യക്തമാക്കി ജില്ലാ കളക്ടർക്കും സിഡബ്ലൂ സിക്കും പരാതി നൽകി. പൊലീസിലും പരാതി നൽകിയിട്ടുണ്ട്.
ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് വെളളിമാട്കുന്ന് ചിൽഡ്രൻസ് ഹോമിലെ ആറ് പെൺകുട്ടികളെ കാണാതായത്. പൊലീസ് അന്വേഷണത്തിൽ കാണാതായ ആറു പേരിൽ രണ്ടു കുട്ടികളെ ബെംഗളൂരുവിൽ നിന്നും നാലു പേരെ മലപ്പുറം എടക്കരയിൽ നിന്നും കണ്ടെത്തി.
ഇവർക്കൊപ്പമുണ്ടായിരുന്ന രണ്ട് യുവാക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. ബാലാവകാശ കമ്മീഷൻ കുട്ടികളിൽ നിന്ന് വിശദമായ മൊഴി രേഖപ്പെടുത്തി. കോടതിയിൽ രഹസ്യമൊഴി നൽകിയ പെൺകുട്ടികളെ ജുവനൈൽ ജസ്റ്റിസിന് മുൻപാകെ ഹാജരാക്കി. അതിന് ശേഷം ഇവരെ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.