Thu. Dec 19th, 2024

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നാല്​ വർഷം മുമ്പ്​ മാധ്യമങ്ങളോട്​ പറഞ്ഞ വാക്കുകൾ പുതിയതാണെന്ന രീതിയിൽ പ്രചരിപ്പിക്കുന്നതിനെതിരെ സംവിധായകൻ ലാൽ. സംഭവത്തിന്​ പിന്നിൽ ദിലീപ്​ ആകാൻ സാധ്യതയില്ലെന്നാണ്​ തന്‍റെ വിശ്വാസമെന്ന്​ ലാൽ പറയുന്നതാണ്​ ഇപ്പോൾ പുതിയ സംഭവമാണെന്ന രീതിയിൽ വീണ്ടും പ്രചരിപ്പിക്കുന്നത്​. ഇതിനെതിരെ ഫേസ്​ബുക്ക്​ പോസ്റ്റുമായി ലാൽ രംഗത്തുവന്നു.

ആരാണ് കുറ്റക്കാരൻ, ആരാണ് നിരപരാധിയെന്നൊക്കെ വേർതിരിച്ചെടുക്കാൻ ഇവിടെ പൊലീസുണ്ട്, നിയമമുണ്ട്, കോടതിയുണ്ട്; അവരുടെ ജോലി അവർ ചെയ്യട്ടെയെന്ന്​ ലാൽ ഫേസ്​ബുക്കിൽ കുറിച്ചു.

നിങ്ങളെപ്പോലെ എനിക്കും സ്വന്തമായി കണക്കുകൂട്ടലുകളും സംശയങ്ങളും കണ്ടെത്തലുകളുമുണ്ട്; പക്ഷെ അതൊന്നും മറ്റുള്ളവരിൽ കെട്ടിയേൽപ്പിക്കാനുള്ളതല്ല എന്ന് തിരിച്ചറിയാനുള്ള സാമാന്യബോധം എനിക്കുള്ളതിനാൽ പുതിയ പ്രസ്താവനകളുമായി ഒരിക്കലും ഞാൻ വരികയില്ലെന്നും ലാൽ കുറിച്ചു.