Wed. Nov 6th, 2024

ഓസ്ട്രേലിയന്‍ ഓപ്പൺ ടെന്നിസ് പുരുഷ ചാമ്പ്യനെ ഇന്നറിയാം. ഫൈനലില്‍ റഷ്യന്‍ താരം ദാനില്‍ മെദ്‍‍വദേവും സ്‌പാനിഷ് ഇതിഹാസം റാഫേല്‍ നദാലും ഏറ്റുമുട്ടും. 21-ാം ഗ്രാന്‍ഡ്സ്ലാം കിരീടത്തിലൂടെ ചരിത്രനേട്ടത്തിലെത്താനാണ് നദാലിന്‍റെ ശ്രമം. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2 മണിക്കാണ് ഫൈനൽ പോരാട്ടം.

ഇന്ന് ആര് ജയിച്ചാലും അത് ചരിത്രമാണ്. ഏറ്റവും കൂടുതൽ ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ നേടിയ പുരുഷ ടെന്നിസ് താരമാകാന്‍ ആണ് നദാല്‍ ഇന്നിറങ്ങുന്നത്. നിലവില്‍ റോജര്‍ ഫെഡറര്‍, നൊവാക് ജോക്കോവിച്ച് എന്നിവര്‍ക്കൊപ്പം 20 കിരീടങ്ങളുമായി റെക്കോര്‍ഡ് പങ്കിടുകയാണ് മണൽ കോർട്ടിലെ രാജകുമാരൻ.

നാല് ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളും രണ്ട് തവണയെങ്കിലും സ്വന്തമാക്കിയ രണ്ടാമത്തെ പുരുഷ താരമാവുക എന്ന നേട്ടവും നദാല്‍ ലക്ഷ്യമിടുന്നു. ഓസ്ട്രേലിയന്‍ ഓപ്പണിലെ ആറാം ഫൈനല്‍ ആണ് നദാല്‍ കളിക്കുന്നത്. ഇതിൽ ഒന്നിൽ മാത്രമാണ് നദാല്‍ ജയിച്ചത്. 2009ലെ ഫൈനലില്‍ റോജര്‍ ഫെഡററെ തോൽപ്പിച്ച് കിരീടം നേടി.

ഒരു 8 വയസുകാരൻ്റെ സ്വപ്നമാണ് ഇന്നത്തെ ഫൈനൽ. കുട്ടിക്കാലത്ത് മോസ്കോ ക്ലബിന്റെ മതിലിൽ ടെന്നീസ് കളിക്കുമ്പോൾ താൻ നദാലിനെ കളിക്കുകയാണെന്ന് മെദ്‌വദേവ് സങ്കൽപ്പിച്ചിരുന്നു. തുടര്‍ച്ചയായി രണ്ട് ഗ്രാന്‍ഡ്‌സ്ലാമുകളില്‍ നിന്ന് കരിയറിലെ ആദ്യ രണ്ട് മേജര്‍ ട്രോഫി നേടുകയാണ് മെദ്‍‍വദേവിന്‍റെ ലക്ഷ്യം.

കഴിഞ്ഞ വര്‍ഷത്തെ അവസാന സ്ലാമായ യുഎസ് ഓപ്പണിൽ മെദ്‍‍വദേവ് ചാമ്പ്യനായിരുന്നു. അന്ന് കലണ്ടര്‍‌സ്ലാം ലക്ഷ്യമിട്ടിറങ്ങിയ നൊവാക് ജോക്കോവിച്ചിനെ തടയാന്‍ മെദ്‍‍വദേവിന് കഴിഞ്ഞു. നദാലിനെതിരെ അവസാനം കളിച്ച എടിപി ഫൈനല്‍സ് മത്സരത്തിൽ 2020ല്‍ ഹാര്‍ഡ് കോര്‍ട്ടിൽ ജയിച്ചതും മെദ്‍‍വദേവിന് ആത്മവിശ്വാസം നൽകും. ഇരുവരും ഇതിന് മുന്‍പ് ഏറ്റുമുട്ടിയ നാല് മത്സരങ്ങളില്‍ മൂന്നിലും നദാല്‍ ആണ് ജയിച്ചത്.