Wed. Dec 25th, 2024
കാസർകോട്:

65 വയസു കഴിഞ്ഞ വയോജനങ്ങളുടെ ആരോഗ്യ സുരക്ഷയും പരിപാലനവും ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ തുടങ്ങിയ വയോമിത്രം പദ്ധതിയിൽ 6 മാസമായി മരുന്നു ലഭിക്കുന്നില്ല. വയോജനങ്ങളുടെ ആരോഗ്യ പരിശോധന 7 മാസം മുടങ്ങിയത് ഇപ്പോൾ പുനരാരംഭിച്ചെങ്കിലും മരുന്ന് എത്തിക്കുന്നതിനു യാതൊരു നടപടിയുമില്ല. വയോജനങ്ങളുടെ വീട്ടുമുറ്റത്തെത്തുന്ന സൗജന്യ ആരോഗ്യ പരിശോധനാ പദ്ധതിയാണു വയോമിത്രം.

പരിശോധനയും മരുന്നും ഇടയ്ക്കിടെ മുടങ്ങുന്നതു പദ്ധതിയെ ആശ്രയിക്കുന്നവർക്കു ദുരിതമായി. കൊവിഡിനു മുൻപ് ജില്ലയിൽ 3 നഗരസഭകളിലായി അയ്യായിരത്തിലേറെ ഗുണഭോക്താക്കൾ ഉണ്ടായിരുന്നു. ഇത് ഇപ്പോൾ 2300ൽ താഴെയായി കുറഞ്ഞു. സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്നവരാണു ഗുണഭോക്താക്കളിൽ ഭൂരിഭാഗവും.

ഇടയ്ക്കിടെ പരിശോധന മുടങ്ങുന്നതിനാൽ ഗുണഭോക്താക്കളിൽ പകുതിയിലേറെ പേരും സ്വകാര്യ ക്ലിനിക്കുകളെയും മറ്റും ആശ്രയിക്കാൻ നിർബന്ധിതരായി. സംസ്ഥാനത്താകെ ഈ സ്ഥിതിയാണ്. പരിശോധനയും മരുന്നും നിലച്ചപ്പോൾ ആവശ്യമായ ചികിത്സ എടുക്കാത്തവരുണ്ട്.

രക്തസമ്മർദം, പ്രമേഹം, കൊഴുപ്പ്, ഹൃദയ സംബന്ധമായ അസുഖം തുടങ്ങിയവ അകറ്റുന്നതിനുള്ള പ്രധാന മരുന്നുകൾ, ഇൻസുലിൻ എന്നിവ ഉൾപ്പെടെ ഇല്ലാതെ 6 മാസം കഴിഞ്ഞു. ഇപ്പോൾ ഡോക്ടറുടെ പരിശോധന മാത്രമാണു പദ്ധതിയിൽ ലഭിക്കുന്നത്. മെറ്റ്ഫോർമിൻ, ഗ്ലിമിപ്രൈഡ്, ലോസാർട്ടൻ, എൻലാപ്രിൻ, ടെൽമിസാർട്ടൻ, അമലോഡിപൈൻ, ഗ്ലിബൻക്ലാമെഡ്, ഇൻസുലിൻ, വേദനസംഹാരി, ത്വക് രോഗ ഓയിൻമെന്റ് തുടങ്ങിയവ ഇല്ല.

കൊവിഡ് കാലത്തു പ്രത്യേക പരിചരണവും കരുതലും ആവശ്യമായിരിക്കെയാണു സർക്കാരിന്റെ സൗജന്യ സേവന സഹായ പട്ടികയിൽ നിന്നു ജീവിത ശൈലീ രോഗ മരുന്നുകളുൾപ്പെടെ നിഷേധിക്കപ്പെടുന്നത്. സ്ഥിരമായി മരുന്നു കിട്ടാതായപ്പോൾ പതിവു ഗുണഭോക്താക്കൾ പലരും വയോമിത്രം പദ്ധതിയെ കയ്യൊഴിഞ്ഞ നിലയിലായി. മൊബൈൽ ക്ലിനിക്ക്, സാന്ത്വന പരിചരണം, പൊതു ഇടങ്ങളിൽ ക്യാംപ്, ആംബുലൻസ് തുടങ്ങിയ സൗകര്യങ്ങളും പദ്ധതി വഴി ലക്ഷ്യമിട്ടിരുന്നു.