കൊവിഡ് മൂലം രണ്ടു മത്സരങ്ങൾ മാറ്റി വച്ച ശേഷം ഇന്ത്യൻ സൂപ്പർ ലീഗിൽ അടുത്ത പോരാട്ടത്തിനിറങ്ങുകയാണ് കേരള ബ്ലാസ്‌റ്റേഴ്‌സ്. നാളെ ബംഗളൂരു എഫ്‌സിയെയാണ് കൊമ്പന്മാർ എതിരിടുന്നത്. എന്നാൽ താരങ്ങൾ വേണ്ടത്ര ഫിറ്റല്ല എന്ന സൂചനയാണ് ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാൻ വുകുമനോവിച്ച് നൽകുന്നത്.
ഒരു കബഡി ടീമിന് ആളുണ്ടെന്നും ഫുട്‌ബോൾ കളിക്കാനുള്ള എണ്ണം തികയില്ല എന്നും വുകുമനോവിച്ച് പറയുന്നു. ‘ഫുട്‌ബോൾ കളിക്കാൻ എവിടെ നിന്ന് കളിക്കാരെ കണ്ടെത്തുമെന്ന് എനിക്കറിയില്ല. കളിക്കാൻ ഞങ്ങൾ തയ്യാറല്ല. വേഗം ഇത് പൂർത്തിയാക്കി വീട്ടിൽ പോകണമെന്നേയുള്ളൂ. ഒരു കബഡിക്കുള്ള ആളുണ്ട്. നാളത്തെ കളിയെ കുറിച്ച് ഉത്കണ്ഠയില്ല. കളിക്കണം, അത്രയേ ഉള്ളൂ’ – വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം കൂട്ടിച്ചേർത്തു.
15 ദിവസത്തിന് ശേഷം ടീം വീണ്ടും പരിശീലനത്തിനിറങ്ങിയിട്ടുണ്ട്. കോച്ചിന്റെ കീഴിൽ തന്നെയായിരുന്നു പരിശീലനം. അഡ്രിയൻ ലൂണ നാളെ ബെംഗളൂരുവിനെതിരെ കളിക്കുമോയെന്നു തീർച്ചയില്ല. ശരീരക്ഷമത വീണ്ടെടുക്കാത്തതാണു കാരണം.
ലൂണ ഒഴികെയുള്ള വിദേശതാരങ്ങൾ പരിശീലനം ആരംഭിച്ചിട്ടുണ്ട്. ഇന്ത്യൻ താരങ്ങളിൽ സഹൽ അബ്ദുൽ സമദ്, കെ പ്രശാന്ത്, ഹർമൻജോത് ഖബ്ര, പ്യൂട്ടിയ, ഹോർമിപാം, സന്ദീപ് സിങ്, സഞ്ജീവ് സ്റ്റാലിൻ, ധനചന്ദ്ര മീത്തേയി തുടങ്ങിയവർ ഇന്നലെ കളത്തിലിറങ്ങി.
20 പോയിന്റുള്ള ബ്ലാസ്റ്റേഴ്‌സിന് നാളത്തേത് ഉൾപ്പെടെ 9 മാച്ചാണു ലീഗ് ഘട്ടത്തിൽ ബാക്കിയുള്ളത്. 5 വിജയം നേടിയാൽ പ്ലേ ഓഫ് സാധ്യത സജീവമാകും. 11 കളിയിൽ അഞ്ചു വിജയവും അഞ്ചു സമനിലയും ഒരു തോൽവിയുമാണ് ടീമിനുള്ളത്. കഴിഞ്ഞ പത്തു മത്സരങ്ങളിൽ കേരള ടീം തോൽവിയറിഞ്ഞിട്ടില്ല. 13 കളിയിൽ നിന്ന് 17 പോയിന്റുമായി പോയിന്റ് പട്ടികയിൽ ആറാമതാണ് ബംഗളൂരു.