പഴയങ്ങാടി:
മാടായിപ്പാറയിലെ തെക്ക് പടിഞ്ഞാറൻ അതിർത്തിയിലെ പാറയിൽ വിളളൽ രൂപപ്പെട്ട ഭാഗങ്ങൾ അപകടക്കെണിയാകുന്നു. കാടു കയറി ഈ ഭാഗത്തു പശുക്കൾ അപകടത്തിൽപ്പെടുന്നതു നിത്യ സംഭവമായിട്ടുണ്ട്. 70 അടിയോളം താഴ്ചയുളള വിളളലിൽ പാറയിൽ പുല്ല് മേയാൻ എത്തുന്ന പശുക്കാളാണു കൂടുതലും വീഴുന്നത്.
ഇന്നലെ രാവിലെ 11ന് പാറയിലെ കക്കിത്തോട് ഭാഗത്തെ വരയിൽ (വിള്ളൽ) പശു വീണു. പയ്യന്നൂരിൽ നിന്നെത്തിയ ഫയർഫോഴ്സ് അസി സ്റ്റേഷൻ ഓഫിസർ എം എസ് ശശിധരന്റെ നേതൃത്വത്തിൽ സംഘം 3 മണിക്കൂറോളം ശ്രമിച്ചാണ് പശുവിനെ പാറയിലേക്കു കയറ്റിയത്. വീഴ്ചയുടെ ആഘാതത്തിൽ തന്നെ പശു ചത്തിരുന്നു. ഒരു മാസത്തിനുളളിൽ 2 പശുക്കളാണു വരയിൽ വീണു ചത്തത്.
പാറയിൽ നിന്നു പടിഞ്ഞാറ് കടൽദൃശ്യങ്ങൾ ഉൾപ്പെടെ കാണാനും ഫോട്ടോഷൂട്ടിനും മറ്റും ഒട്ടേറെ ആളുകൾ എത്തുന്ന ഭാഗമാണിത്. പാറയിലെ ഇത്തരം ഭാഗങ്ങളിൽ സുരക്ഷ വേലിയും മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കണമെന്ന ആവാശ്യമേറിവരികയാണ്. ഇത്തരം അപകടം പിടിച്ച ഭാഗങ്ങളിൽ പശുക്കളെ ഇളക്കി വിടുന്നതിനും നിയന്ത്രണം ആവശ്യമാണ്. പശുക്കൾ പലപ്പോഴും മാടായിപ്പാറ റോഡിൽ ഗതാഗതതടസ്സവും സൃഷ്ടിക്കാറുണ്ട്.