Wed. Nov 6th, 2024
കൊച്ചി:

ദിലീപിന്‍റെ ഫോണുകള്‍ പരിശോധിച്ചാല്‍ താൻ ആരോപിച്ചതിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍. ദിലീപ് ജയിലിൽ കിടന്ന സമയത്ത് ദിലീപിന്റെ സഹോദരി ഭർത്താവ് ഉപയോഗിച്ച ഫോൺ കണ്ടെത്തണം. ഇതിൽ പൊലീസ് പ്രതീക്ഷിക്കാത്ത വിവരങ്ങൾ ഉണ്ടാകും. ദിലീപിന്റെ ഫോണിനേക്കാൾ ഇതാണ് കണ്ടെത്തേണ്ടതെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.

ദിലീപിന് നാലിലധികം ഫോണുകളിലായി പത്തിലധികം സിമ്മുകളുണ്ട്. തന്‍റെ ആരോപണങ്ങളെക്കാള്‍ അതിസങ്കീര്‍ണ്ണമായ പലവിഷയങ്ങളും ഫോണില്‍ നിന്ന് പുറത്തുവരും. തനിക്കെതിരെ വ്യാജ ആരോപണങ്ങളുന്നയിച്ച് ദിലീപ് കോടതിയില്‍ അഫിഡവിറ്റ് സമര്‍പ്പിച്ചിരുന്നു. അതിന്‍റെ നിജസ്ഥിതി പുറത്തുവരണമെങ്കിലും ഫോണ്‍ പരിശോധിക്കണമെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞു.

ദിലീപ് അടക്കമുള്ള പ്രതികളുടെ ആറ് ഫോണുകൾ ​ഹൈകോടതി രജിസ്ട്രാർ ജനറൽ മുമ്പാകെ മുദ്രവച്ച കവറിൽ തിങ്കളാഴ്ച 10.15 ഓടെ ഹാജരാക്കാനാണ് ഹൈകോടതി ഉത്തരവ്. സർക്കാരിന്‍റെ ഫോറൻസിക് സയൻസ് ലാബിലെ പരിശോധനയിൽ വിശ്വാസമില്ലെന്നും താൻ സ്റ്റേറ്റിന്‍റെയും മാധ്യമങ്ങളുടേയും ഇരയാണെന്നും ദിലീപ് കോടതിയിൽ പറഞ്ഞു.