Wed. Jan 22nd, 2025
ലാഹോർ:

ഓൺലൈൻ ഗെയിമായ പബ്ജിയുടെ സ്വാധീനത്തിൽ 14 കാരൻ അമ്മയെയും രണ്ട് സഹോദരിമാരെയും ഒരു സഹോദരനെയും വെടിവച്ചു കൊന്നു. കഴിഞ്ഞയാഴ്ച ലാഹോറിലെ കഹ്‌ന പ്രദേശ​ത്തെ വീട്ടിലാണ് കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ വെടിയുതിർത്ത മകൻ ഒഴിച്ച് കുടുംബത്തിലെ ബാക്കി എല്ലാവരും കൊല്ലപ്പെട്ടതായി പാകിസ്​താൻ പൊലീസ് അറിയിച്ചു.

പബ്ജി ഗെയിമിന് അടിമയായിരുന്നു കുട്ടി. അമ്മയെയും സഹോദരങ്ങളെയും താൻ തന്നെയാണ്​ കൊന്നതെന്ന്​ കുട്ടി പൊലീസിനോട്​ സമ്മതിച്ചു. ദിവസത്തിൽ ഏറിയ സമയവും ഓൺലൈൻ ഗെയിം കളിക്കാൻ ചിലവഴിക്കുന്നതിനാൽ കുട്ടിക്ക്​ ചില മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും പൊലീസ്​ പറഞ്ഞു.

പഠനത്തിൽ ശ്രദ്ധ ചെലുത്താത്തതിനും പബ്ജി കളിച്ച് സമയം ചെലവഴിക്കുന്നതിനും കുട്ടിയെ അമ്മ ശാസിച്ചിരുന്നു. സംഭവ ദിവസവും അമ്മ കുട്ടിയെ ഈ വിഷയത്തിൽ ശകാരിച്ചെന്നും പിന്നീട് എല്ലാവരും ഉറങ്ങിക്കിടക്കുമ്പോൾ കുട്ടി അലമാരയിൽ നിന്ന് തോക്കെടുത്ത് വെടിവെച്ച് കൊല്ലുകയായിരുന്നെന്നും പൊലീസ് അറിയിച്ചു.