Tue. Nov 5th, 2024
കുളത്തൂപ്പുഴ:

ആദിവാസി മേഖലകളായ കടമാൻകോട്, വടക്കേ ചെറുകര എന്നിവിടങ്ങളിലെ ചെറുകിട ശുദ്ധജല വിതരണ പദ്ധതികൾ ജല അതോറിറ്റി ഉപേക്ഷിച്ചു. ആദിവാസി മേഖലയ്ക്ക് ഇനി ഏകആശ്രയം ജലജീവൻ പദ്ധതി. പദ്ധതികളുടെ പ്രവർത്തനം നിലച്ചതും കിണറുകളിൽ ലഭിക്കുന്ന വെള്ളം ശുദ്ധമല്ലെന്നതും തിരിച്ചടിയായി.

പ്രാദേശിക സമിതികൾ പദ്ധതികൾ ഏറ്റെടുക്കുന്നതിലെ തർക്കങ്ങളും മറ്റൊരു കാരണം.30 ലക്ഷം രൂപ ചെലവഴിച്ച ഗ്രാമപ്പഞ്ചായത്തിന്റെ ജലനിധി ശുദ്ധജല വിതരണ ശുചിത്വ പദ്ധതിയും പാളിച്ചകളിൽ പ്രവർത്തനം നിലച്ചു. ഇരു പദ്ധതികളുടേയും പമ്പ് ഹൗസിലെ ഉപകരണങ്ങളും മറ്റും ജല അതോറിറ്റി നീക്കം ചെയ്തു. കാലപ്പഴക്കമുള്ള ജല സംഭരണികളും ഉപയോഗശൂന്യമായ അനുബന്ധ നിർമിതികളും ഉപേക്ഷിച്ചു.

കല്ലടയാറ്റിലെ റോക്ക്‌വുഡ് പദ്ധതിയിൽ വെള്ളം ശുദ്ധീകരിച്ചു വിതരണം തുടങ്ങിയതും ജലജീവൻ പദ്ധതി പ്രവർത്തനം കണക്കിലെടുത്തും ശുദ്ധീകരിക്കാത്ത വെള്ളം വിതരണം ചെയ്തിരുന്ന കടമാൻകോട്, വടക്കേചെറുകര പദ്ധതികൾ ഉപേക്ഷിക്കുകയായിരുന്നു. വർഷങ്ങളായി കോൺക്രീറ്റു തൂണുകൾ പാളികളായി ഇളകി തകർച്ചയിലായ വടക്കേചെറുകരയിലെ ജലസംഭരണി അപകടത്തിലായിട്ടും പൊളിക്കാൻ നടപടിയില്ല. ഇതിനു ചുറ്റുമുള്ള കുടുംബങ്ങൾ ഭീതിയിലാണ്.

നശിച്ച കടമാൻകോട് പദ്ധതി ജലസംഭരണിയും പ്രവർത്തനം നിലച്ച ജലനിധി പദ്ധതികളുടെ 3 ജലസംഭരണികളും ഉപേക്ഷിച്ച നിലയിലായി. ഇരു പദ്ധതികളും ജലനിധി പദ്ധതിയിൽ പ്രാദേശിക സമിതികൾ ഏറ്റെടുത്തു നടത്തണമെന്ന വ്യവസ്ഥയെച്ചൊല്ലിയുള്ള തർക്കങ്ങളായിരുന്നു കുടിവെള്ളം മുട്ടിച്ചത്. സൗജന്യമായി ലഭിക്കുന്ന വെള്ളം സമിതികളെ ഏൽപ്പിച്ചാൽ ഗുണഭോക്താക്കൾ മാസവാടക നൽകണമെന്ന വ്യവസ്ഥയാണു തർക്കമായത്.

സമിതികളെ ഏൽപ്പിക്കാനായി ജലഅതോറിറ്റി ഇരു പദ്ധതികളും നേരത്തെ ഗ്രാമപ്പഞ്ചായത്തിനു കൈമാറിയെങ്കിലും തർക്കം മൂത്തതോടെ ഏറ്റെടുത്തിരുന്നില്ല. നാഥനില്ലാതെ കയ്യൊഴിഞ്ഞ ഇരു പദ്ധതികളും 10 വർഷത്തോളമായി നോക്കുകുത്തിയായി തുടരുമ്പോഴാണ് ഇവ ഉപേക്ഷിച്ചത്.