മാട്ടറ:
കാട്ടാനകളെ തേനീച്ചകളെ ഉപയോഗിച്ച് പിന്തിരിപ്പിക്കാനുള്ള പ്രവർത്തനത്തിലാണ് മാട്ടറ ഗ്രാമം. കർണാടക വനാതിർത്തിയിൽ ജനകീയ സഹകരണത്തിൽ തേനീച്ചപ്പെട്ടി സ്ഥാപിച്ച് തേനീച്ച കൃഷി തുടങ്ങി. നാട്ടിലിറങ്ങുന്ന ആനയെ കാട്ടിലേക്ക് തിരിച്ചയക്കാൻ തേനീച്ചകൾ സഹായിക്കുമെന്നും ശ്രമം വിജയിച്ചാൽ ആനയെ തുരത്തുന്നതിനൊപ്പം തേൻ വരുമാനം കൂടിയാവുമെന്നുമുള്ള പ്രതീക്ഷയിലാണ് മാട്ടറക്കാർ.
വനാതിർത്തിയിൽ വനം വകുപ്പ് സ്ഥാപിച്ച സോളാർ വേലി കാട് കയറി നശിച്ചു. കഴിഞ്ഞ വർഷം നാട്ടുകാർ കാട് തെളിച്ച് ജനകീയ ഫണ്ട് സമാഹരിച്ച് ബാറ്ററിയും ഉപകരണങ്ങളും ലഭ്യമാക്കി സോളാർ വേലി പ്രവർത്തനക്ഷമമാക്കി. സൗരോർജ വേലി വകവയ്‌ക്കാതെ കാട്ടാനകൾ ഇറങ്ങുന്ന ഭാഗങ്ങളിൽ മൂന്ന് കി മീ പരിധിയിലാണ് തേനീച്ചപ്പെട്ടി സ്ഥാപിച്ചത്. ജനകീയാസൂത്രണ ജൂബിലിയുടെ ഭാഗമായി വാർഡിൽ നടപ്പാക്കുന്ന പന്ത്രണ്ടാമത്തെ പദ്ധതിയാണ് തേനീച്ചവേലി.
പഞ്ചായത്ത് സബ്‌സിഡി നിരക്കിൽ നൽകിയ തേനീച്ചപ്പെട്ടികളാണ് വനാതിർത്തിയിൽ സ്ഥാപിച്ചത്. കർഷകരിൽനിന്ന് പണം സ്വരൂപിച്ച് രണ്ട് കർഷകരെ തേനീച്ച പരിപാലനത്തിന് ചുമതലപ്പെടുത്തി. തേനീച്ചപ്പെട്ടികളുടെ എണ്ണം വർധിപ്പിച്ച് തേനീച്ച സംഘം രൂപീകരിച്ച് തേൻ വിൽപ്പനക്കും പദ്ധതിയൊരുക്കുമെന്ന് വാർഡംഗം സരുൺ തോമസ് പറഞ്ഞു.