Mon. Dec 23rd, 2024
ന്യൂഡൽഹി:

അരുണാചൽ പ്രദേശിൽ നിന്ന് കാണാതായ പതിനേഴുകാരൻ മിറം താരോണിനെ തിരികെയെത്തിച്ച് ചൈനീസ് സൈന്യമായ പീപ്പിൾസ് ലിബറേഷൻ ആർമി. കിബിത്തു സെക്ടറിൽ വച്ച് രാവിലെ പത്തരയോടെയാണ് കുട്ടിയെ കൈമാറിയത്. കേന്ദ്ര നിയമ മന്ത്രിയും അരുണാചലിൽ നിന്നുള്ള ബിജെപി നേതാവുമായ കിരൺ റിജ്ജുവാണ് കുട്ടിയെ ചൈനീസ് സൈന്യം ഇന്ത്യൻ സൈന്യത്തിന് കൈമാറിയെന്ന വിവരം പുറത്തുവിട്ടത്. ഇത് സ്ഥിരീകരിക്കുന്ന ചിത്രങ്ങളും ചൈനീസ്, ഇന്ത്യൻ സൈന്യങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.

”മെഡിക്കൽ പരിശോധന അടക്കമുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. ചൈനീസ് പിഎൽഎ അരുണാചലിൽ നിന്നുള്ള ശ്രീ മിറം താരോൺ എന്ന കുട്ടിയെ കൈമാറിയിട്ടുണ്ട്”, കിരൺ റിജ്ജു ട്വീറ്റ് ചെയ്തു.

ബിജെപി എംപി താപിർ ഗാഓ ആണ് പതിനേഴുകാരനെ കാണാനില്ലെന്നും, ഈ കുട്ടിയെ ചൈനീസ് സൈന്യമായ പീപ്പിൾസ് ലിബറേഷൻ ആർമി പിടിച്ചുകൊണ്ടുപോയതെന്നും ആരോപിച്ച് രംഗത്തെത്തുന്നത്. കുട്ടിയെ ചൈനീസ് സൈന്യം പിടിച്ചുകൊണ്ടുപോയെന്ന് മാതാപിതാക്കളും ആരോപിച്ചു. ജനുവരി 18-നാണ് കുട്ടിയെ കാണാതായത്.

കുട്ടിയെ കാണാനില്ലെന്ന് പരാതിയുയർന്ന ഉടൻ അതിർത്തിയിൽ ചൈനീസ് സൈന്യം പരിശോധന നടത്തി, ബുധനാഴ്ച തന്നെ ചൈനീസ് അതിർത്തിക്ക് അപ്പുറം മിറം ഉണ്ടെന്ന് സ്ഥിരീകരിച്ചു. എന്നാൽ കാലാവസ്ഥ മോശമായതിനാൽ മിറത്തിനെ തിരികെയെത്തിക്കാനുള്ള യാത്ര വൈകുകയായിരുന്നു. റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യൻ, ചൈനീസ് സൈന്യങ്ങൾ തമ്മിൽ നടത്തിയ ഹോട്ട്‍ലൈൻ ആശയവിനിമയത്തിലൂടെയാണ് കുട്ടിയെ എത്രയും പെട്ടെന്ന് തിരികെ എത്തിക്കാമെന്ന് ചൈനീസ് സൈന്യം വ്യക്തമാക്കിയത്.

”സ്ഥലവും സമയവും അവർ എത്രയും പെട്ടെന്ന് അറിയിക്കും. കാലാവസ്ഥ മോശമായതിനാലാണ് കുട്ടിയുടെ തിരിച്ചുവരവ് വൈകുന്നത്”, കിരൺ റിജ്ജു അറിയിച്ചു.കുട്ടിയെ സുരക്ഷിതമായി തിരികെ എത്തിക്കേണ്ടതിനാൽ ചൈനീസ് സൈന്യം കുട്ടിയെ കസ്റ്റഡിയിലെടുത്തു എന്നത് പോലെയുള്ള വാസ്തവവിരുദ്ധമായ തരത്തിലുള്ള പ്രസ്താവനകൾ എല്ലാവരും ഒഴിവാക്കേണ്ടതാണെന്നും കിരൺ റിജ്ജു നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു.