Mon. Dec 23rd, 2024
കാസർകോട്:

ജനറൽ ആശുപത്രിയിലെ മലിനജലം പുറത്തേക്ക് ഒഴുകി പരിസര മലിനീകരണം ഉണ്ടാകുന്നത് തടയാനുള്ള പദ്ധതി നിർമാണം തുടങ്ങിയപ്പോൾ രൂപം കൊണ്ടത് കൊതുകു വളർത്തൽ കേന്ദ്രം. കാസർകോട് വികസന പാക്കേജ് പദ്ധതിയിലാണു ജനറൽ ആശുപത്രിയിൽ മലിനജലം സംസ്കരിച്ചു ശുദ്ധീകരിക്കാൻ 1.20 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കുന്നത്.2018-19 വർഷത്തിലാണു പദ്ധതി അനുവദിച്ചത്.

ആശുപത്രിയിൽ ഇതിനുള്ള സ്ഥലം ലഭ്യമായി പണി തുടങ്ങിയത് 5 മാസം മുൻപും. 3 ടാങ്കാണ് ഇവിടെ പണിയുന്നത്. ഏതാനും ദിവസം 3 മീറ്റർ താഴ്ചയിൽ കുഴിയെടുത്ത് ടാങ്കിനുള്ള കോൺക്രീറ്റ് ചെയ്ത് കമ്പി കെട്ടി വച്ച് ജോലിക്കാർ സ്ഥലം വിട്ടു. ഇപ്പോൾ ശുചീകരണ മുറികളിൽ നിന്നുൾപ്പെടെയുള്ള മലിനജലവും മഴവെള്ളവും നിറഞ്ഞ് ഇവിടം കൊതുകു കേന്ദ്രമായി.

ടാങ്കിലേക്ക് സെപ്റ്റിക് ടാങ്കിൽ നിന്നു മലിനജലം തുറന്നു വിടുന്നതാണു പണി തുടരുന്നതിനു തടസ്സമായതെന്നാണ് കരാറുകാർ പറയുന്നത്. ജൂലൈയിൽ പ്ലാന്റ് നിർമാണം പൂർത്തിയാക്കി കമ്മിഷൻ ചെയ്യുമെന്നാണു കരാർ ഏറ്റെടുത്ത സ്ഥാപനം അധികൃതർ വ്യക്തമാക്കുന്നത്. മലിനജല സംസ്കരണത്തിന്റെ ചുമതലയും 5 വർഷം ഇതേ സ്ഥാപനമാണ് വഹിക്കേണ്ടത്. അതേ സമയ നിർമാണം പൂർത്തിയാവും മുൻപേ തന്നെ കൊതുകു പെരുകുന്നതിന് അടിയന്തിരമായി പരിഹാരം കാണമെന്നാണ് ആവശ്യം.