പേരാമ്പ്ര:
ബൈപാസ് നിര്മാണത്തിനാണെന്ന വ്യാജേനെ കൈതക്കലിൽനിന്ന് അനധികൃതമായി മണ്ണെടുത്ത് തണ്ണീർത്തടങ്ങൾ നികത്തുന്നത് കൊയിലാണ്ടി തഹസിൽദാറുടെ നേതൃത്വത്തിലെ സംഘം തടഞ്ഞു. എര്‍ത്ത് മൂവര്‍, ടിപ്പര്‍ ലോറി എന്നിവ കസ്റ്റഡിയിലെടുത്തു. ‘പേരാമ്പ്ര ബൈപാസ് പ്രോജക്ട്’ എന്ന വ്യാജ സ്റ്റിക്കറുകള്‍ പതിച്ചാണ് മണ്ണ് കടത്തിയത്.
ഏതൊക്കെ വാഹനങ്ങള്‍ ഉപയോഗിച്ചാണ് പ്രവൃത്തി നടത്തുന്നതെന്ന വിവരം ബൈപാസ് നിര്‍മാണ അതോറിറ്റി താലൂക്ക്,വില്ലേജ്, പൊലീസ് അധികാരികളെ അറിയിക്കാത്തതിനാലാണ് ഇത്തരം പ്രവൃത്തികൾ തടയാൻ കഴിയാത്തതെന്ന് തഹസില്‍ദാര്‍ പറഞ്ഞു.
പേരാമ്പ്ര ബൈപാസിന് ഏറ്റെടുത്ത ഭൂമിക്ക് സമീപത്തുളള താഴ്ന്ന പ്രദേശങ്ങള്‍ വലിയ തോതില്‍ നികത്തപ്പെട്ട സാഹചര്യത്തില്‍ ഈ സ്ഥലമുടമകളുടെ വിവരങ്ങള്‍ ശേഖരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മേഞ്ഞാണ്യം, എരവട്ടൂര്‍ വില്ലേജ് ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായും തഹസിൽദാർ അറിയിച്ചു. കൈതക്കലിൽ അനധികൃതമായി ചെമ്മണ്ണ് ഖനനം ചെയ്ത സ്ഥലം പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് നൊച്ചാട് വില്ലേജ് ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കിയതായും തുടര്‍ന്നുളള ദിവസങ്ങളില്‍ പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ച് ഈ പ്രദേശങ്ങളില്‍ കര്‍ശനമായ പരിശോധന നടത്തുന്നതാണെന്നും തഹസില്‍ദാര്‍ സി പി മണി അറിയിച്ചു. പരിശോധനയില്‍ താലൂക്ക് ഓഫിസ് ജൂനിയര്‍ സൂപ്രണ്ട് യു കെ രവീന്ദ്രന്, ക്ലര്‍ക്ക് പി പി അഖില്‍, ബിനു മാവുള്ളകണ്ടി എന്നിവര്‍ പങ്കെടുത്തു.