Mon. Dec 23rd, 2024
തളിപ്പറമ്പ്:

പോക്‌സോ കേസില്‍ ഇരയായ പെണ്‍കുട്ടിയെ വീട്ടിൽ മരിച്ചനിലയില്‍ കണ്ടെത്തി. തളിപ്പറമ്പിലെ കുറ്റേരി വില്ലേജിലെ 19കാരിയെയാണ് തിങ്കളാഴ്ച വൈകീട്ട്​ അഞ്ചോടെ കിടപ്പു മുറിയിലെ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

2020ലാണ് പെണ്‍കുട്ടി ബലാത്സംഗത്തിനിരയാവുന്നത്. അന്ന് 17 വയസായിരുന്ന പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയാണ്​ ബലാത്സംഗത്തിനിരയാക്കിയത്. സംഭവത്തില്‍ പാലക്കാട് ചെര്‍പ്പുളശേരി സ്വദേശി രാഹുല്‍ കൃഷ്ണയെ 2021 ഏപ്രില്‍ 13ന് പോലിസ് അറസ്റ്റ് ചെയ്തിരുന്നു.

പെണ്‍കുട്ടി പ്ലസ്​ വണ്ണിന്പഠിക്കുമ്പോഴാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഇയാളെ പരിചയപ്പെടുന്നത്. നിരന്തരമായ ചാറ്റിങ്ങിനിടയില്‍ വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയില്‍നിന്ന് അശ്ലീല ദൃശ്യങ്ങൾ ശേഖരിച്ചുവെന്നായിരുന്നു അന്ന്​ പൊലീസ്​ കണ്ടെത്തിയത്.

2020 മാര്‍ച്ചിൽ ഇയാൾ പെൺകുട്ടിയെ തളിപ്പറമ്പിലേക്ക് വിളിച്ചുവരുത്തി. അവിടെനിന്ന് കണ്ണൂര്‍ പയ്യാമ്പലത്തേക്ക് കൂട്ടിക്കൊണ്ടുപോയി. തുടര്‍ന്ന് പയ്യാമ്പലത്തെ ആളൊഴിഞ്ഞ പ്രദേശത്തുവച്ച് പീഡിപ്പിച്ചുവെന്നാണ്​ കേസ്​.

പെണ്‍കുട്ടി വഴങ്ങാതിരുന്നപ്പോൾ നേരത്തെ ചിത്രീകരിച്ച നഗ്ന ദൃശ്യം കാണിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതോടെ മാനസികമായി തകര്‍ന്ന പെണ്‍കുട്ടി രാഹുല്‍ കൃഷ്ണയുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്യുകയും സമൂഹ മാധ്യമങ്ങളിൽ നിന്ന്​ ഒഴിഞ്ഞുനില്‍ക്കുകയും ചെയ്തു.