Mon. Dec 23rd, 2024
കോഴിക്കോട്:

കരിപ്പൂർ വിമാനത്താവളത്തിലെ റൺവേ നീളം കുറയ്ക്കണമെന്ന കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ നിർദേശം ദുരൂഹമെന്ന് വിമാനത്താവള ഉപദേശക സമിതി. വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുക്കലിൻറെ കാര്യത്തിൽ വ്യക്തത വരുത്തണമെന്നും ഉപദേശക സമിതിയോഗം ആവശ്യപ്പെട്ടു. നിലവിലുള്ള റൺവേയുടെ നീളം കുറക്കുന്ന നടപടി പാടില്ലെന്നാവശ്യപ്പെട്ട യോഗത്തിൽ , വലിയ വിമാനങ്ങളുടെ സർവീസ് സംബന്ധിച്ച് സർക്കാരുകൾ ഒളിച്ചുകളി തുടരുകയാണന്നന്നും കുറ്റപെടുത്തി.

വിമാനത്താവളത്തിലെ സുരക്ഷാ നടപടികളുടെ ഭാഗമായി റൺവേ എൻഡ് സേഫ്റ്റി ഏരിയയുടെ (റെസ )നീളം വർധിപ്പിക്കാൻ റൺവേ നീളം കുറക്കണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം നിർദേശിച്ചിരുന്നു. ഈ നിർദേശം തള്ളിക്കളയണമെന്ന് വിമാനത്താവള ഉപദേശക സമിതി യോഗം ആവശ്യപ്പെട്ടു . നിലവിലെ റൺവേ നിലനിർത്തിയാൽ മാത്രമേ വലിയ വിമാന സർവീസുകൾ പുനരാരംഭിക്കാനാവുകയുള്ളുവെന്നും യോഗം വിലയിരുത്തി .

കരിപ്പൂരിലെ അപകടവുമായി വലിയ വിമാനങ്ങളുടെ സർവീസിന് ബന്ധമില്ലെന്നത് നേരത്തെ വ്യക്തമായതാണ്. അപകടകാരണം അന്വേഷിച്ച ആദ്യ വിദഗ്ദ സമിതിയുടെ റിപ്പോർട്ട് വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കുന്നതിന് അനുകൂലമായിട്ടും വീണ്ടും അന്വേഷണ സമിതിയെ വച്ചതും സംശയാസ്പദമാണെന്നും ഉപദേശക സമിതി യോഗം കുറ്റപെടുത്തി. അപകട റിപ്പോർട്ടിൽ വിമാനത്താവളത്തിനെതിരായ പരാമർശമില്ലെങ്കിലും പിന്നീട് വന്ന സമിതികൾ കരിപ്പൂർ എയർപോർട്ട് ന്റെ സുഗമമായ നടത്തിപ്പിനെതിരായ നിലപാട് സ്വീകരിക്കുകയാണെന്ന് എം കെ രാഘവൻ എം പി പറഞ്ഞു .

വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുക്കുന്ന കാര്യത്തിലും വ്യക്തതയില്ല. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം പരിഹരിക്കണമെന്ന് കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെടാനും യോഗത്തിൽ തീരുമാനിച്ചു. കരിപ്പൂരിനെ സ്വകാര്യവൽക്കരിക്കാനുളള നീക്കത്തെ വിമാനത്താവള ഉപദേശകസമിതി അംഗീകരിക്കില്ലെന്നും യോഗം വ്യക്തമാക്കി .