Mon. Nov 25th, 2024
ഉളിക്കൽ:

കർണാടക വനത്തോടു ചേർന്നു കിടക്കുന്ന ഉളിക്കൽ പഞ്ചായത്തിലെ മാട്ടറയിൽ കാട്ടാനകളെ പ്രതിരോധിക്കാൻ ഹണി ഫെൻസിങ് സ്ഥാപിച്ചു. വനം വകുപ്പ് സ്ഥാപിച്ച സോളാർ വേലി കാട് പിടിച്ചു നശിച്ചിരുന്നു. ബദൽ സംവിധാനം ഇല്ലാത്തതിനാൽ കാട്ടാനകൾ കൃഷിയിടത്തിൽ ഇറങ്ങാൻ തുടങ്ങിയതോടയാണു ഹണി ഫെൻസിങ് ആശയവുമായി വാർഡ് അംഗം ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയത്.

വന അതിർത്തിയോടു ചേർന്ന് ഒന്നര കിലോമീറ്റർ ദൂരത്തിൽ തേനീച്ച പെട്ടികൾ സ്ഥാപിച്ചു. 3 മീറ്റർ വീതം അകലത്തിൽ സ്ഥാപിച്ച തേനീച്ച കൂടുകൾ ജനകീയ പങ്കാളിത്തത്തോടെയാണു സ്ഥാപിച്ചത്. കർഷകർക്കു സബ്‌സിഡി നിരക്കിൽ പഞ്ചായത്ത് നൽകിയ തേനീച്ച പെട്ടികൾ വനാതിർത്തിയിലെ സ്ഥലം ഉടമകളായ തേനീച്ച കർഷകരുടെ സഹകരണത്തോടെയാണു പരിപാലിക്കുക.

തേനീച്ചകളുടെ മൂളൽ ശബ്ദം ഏറെ ദൂരത്തു നിന്നു തന്നെ കേൾക്കുന്നതിലൂടെ ആന ഭയന്നു പിന്തിരിയും എന്നാണു കരുതുന്നത്. ആനകൾ ഇറങ്ങുന്ന വഴികളിലാണ് ആദ്യഘട്ടത്തിൽ ഇതു സ്ഥാപിക്കുക. ഒരു വർഷം കൊണ്ടു വനാതിർത്തി പൂർണമായി ഹണി ഫെൻസിങ് സ്ഥാപിക്കുകയാണു ലക്ഷ്യം.പഞ്ചായത്തംഗം സരുൺ തോമസ്, കർഷകരായ ജയ്പ്രവീൺ കിഴക്കേതകിടിയേൽ, വർഗീസ് ആത്രശ്ശേരി, സെബാസ്റ്റ്യൻ തെനംകാലയിൽ, ഇന്നസന്റ് വടക്കേൽ, ബിനു കല്ലുകുളങ്ങര, അഭിലാഷ് കാരികൊമ്പിൽ, അമൽ ജോസഫ്, സി.ഡി.അമൽ എന്നിവർ നേതൃത്വം നൽകി.